മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് മോസ്‌ക് ഇമാമിന്റേയും സന്ദർശനം യുഎഇയുടെ സഹിഷ്ണത സന്ദേശങ്ങളെ ആഗോളവൽക്കരിക്കും.
Wednesday, January 23, 2019 11:49 AM IST
അബുദാബി : ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹ്മദ് എൽ തായിബും നടത്തുന്ന സന്ദർശനവും സംയുക്ത യോഗവും ആഗോള തലത്തിൽ യുഎഇ ലക്ഷ്യമിടുന്ന സഹിഷ്ണത സന്ദേശങ്ങളുടെ മൂല്യങ്ങൾക്ക് ശക്തിപകരുമെന്ന് രാഷ്ട്ര നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു .
ഫെബ്രുവരി 4 ന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമിന്‍റെ അധ്യക്ഷതയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടക്കുന്ന മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് സമ്മേളനത്തിലും ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതസൗഹാർദ സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. ഇന്‍റർഫെയ്ത് സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ 700 ഓളം പ്രമുഖർ പങ്കെടുക്കുമെന്ന് മുസ്‌ലിം എൽഡേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. സുൽത്താൻ അൽ റുമൈത്തി അറിയിച്ചു .
എഡി 970 ൽ ഈജിപ്തിലെ കെയ്‌റോയിൽ സ്ഥാപിതമായ അൽ അസ്ഹർ ഗ്രാൻഡ് മോസ്‌ക് ലോകത്തെ ഏറ്റവും ഉന്നതമായ ഇസ് ലാമിക പഠന കേന്ദ്രമായാണ് അറിയപ്പെടുന്നത്. യോഗത്തിനു ശേഷം ഇരുനേതാക്കളും ചേർന്നു ആഗോള മാനവസന്ദേശവും പുറത്തിറക്കും. യുഎഇയുടെ സഹിഷ്ണുത വർഷാചരണ ഭാഗമായുള്ള പദ്ധതികൾക്കും ഇതോടെ തുടക്കം കുറിക്കും.
ലോകത്തെ ഏറ്റവും ശക്തമായ രണ്ടു മതവിഭാഗങ്ങളിലെ ആധ്യാത്മിക നേതാക്കളുടെ സന്ദർശനത്തെ ചരിത്ര സംഭവമാക്കാനുള്ള അതിവിപുലമായ ഒരുക്കങ്ങൾക്കാണ് അബുദാബി സാക്ഷ്യം വഹിക്കുന്നത് .
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെയാണു മാർപാപ്പയുടെ യുഎഇ സന്ദർശനം.അപേക്ഷകരുടെ വർധനമൂലം സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ദിവ്യ ബലിയിൽ 1,35,000 വിശ്വാസികൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നേരത്തെ 1,20,000 പേർക്കായിരുന്നു അവസരമൊരുക്കിയിരുന്നത് . സ്റ്റേഡിയത്തിനു പുറത്തും പരിസരങ്ങളിലുമുള്ള റോഡുകൾപോലും വിട്ടുകൊടുത്ത് അപേക്ഷകർക്കു സൗകര്യം ഏർപ്പെടുത്തുമെന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നാഷനൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി അറിയിച്ചു. ദിവ്യബലിയുടെ തത്സമയ ദൃശ്യങ്ങൾ കാണിക്കുന്നതിന് സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും വമ്പൻ എൽ ഇ ഡി സ്‌ക്രീനുകൾ സ്ഥാപിക്കും. ഫ്രഞ്ചിലുള്ള പ്രഭാഷണം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പയുടെ ദിവ്യബലി ഒരു ജിസിസി രാജ്യത്തിന്‍റെ മണ്ണിൽ നടക്കുന്നത് . ഫെബ്രുവരി 5 ന് രാവിലെ 10.30 നാണ് ദിവ്യബലി . വിശ്വാസികൾക്കായി രണ്ടായിരത്തിലേറെ ബസുകളാണ് ഒരുക്കിയിരിക്കുന്നത് .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള