കെ.എം.മാണിയുടെ ഭൗതികദേഹം കോട്ടയത്ത് എത്തിച്ചു
Thursday, April 11, 2019 11:30 AM IST
കോട്ടയം: അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനിയിൽ എത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചത്. രാത്രി ഏറെ വൈകിയിട്ടും നൂറുകണക്കിനാളുകളാണ് നാടിന്റെ നാനാതുറകളിൽ നിന്നായി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ, പി.സി.ജോർജ്, ബിനോയ് വിശ്വം, കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധിപേർ ആദരാഞ്ജലികൾ അർപിച്ചു.

രാവിലെ 10ന് ശേഷം എറണാകുളത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഉച്ചകഴിഞ്ഞ് രണ്ടോടെ കോട്ടയത്തെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, വിലാപയാത്ര പിന്നിട്ട വഴികളിലെല്ലാം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തുനിന്നത്. തൃപ്പൂണിത്തുറയിലും വൈക്കത്തും തലയോലപറമ്പിലും കടുത്തുരുത്തിയിലും ഏറ്റുമാനൂരുമെല്ലാം വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.