രാമായണം, ധർമനിഷ്ഠയിലേക്കുള്ള ഉത്തമ മാർഗം
Thursday, July 18, 2019 6:40 PM IST
അധ്യാത്മരാമായണമിദ മെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അധ്യയനം ചെയ്കിൽ മർത്ത്യ ജൻമനാ -
മുക്തിസിദ്ധിക്കുമതിനില്ല സംശയം.
ഒരു രാമായണ മാസം കൂടി സമാഗതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ എന്ന് ഉദ്ദണ്ഡശാസ്ത്രികൾ വിശേഷിപ്പിച്ച മാസം. ശരീരത്തെ പുഷ്ടിപ്പെടുത്താൻ ഉത്തമം കർക്കടകം. മനസെന്ന സാഗരത്തെ ശാന്തമാക്കാൻ ഉചിതമാർഗമേതെന്ന ചോദ്യത്തിനും ശാസ്ത്രികൾ ഉത്തരം നൽകി.
ഇപ്പോളിപ്പാരിലാരുണ്ടു ബലവാനാരു വീര്യവാൻ
മര്യാദക്കാരനാരാ,ന്ദ സർവഭൂതത്തിനും ഹിതൻ...
ചോദ്യങ്ങൾ നിരവധി. പക്ഷെ ഉത്തരം ഒന്നു മാത്രം - രാമൻ.
ചോദ്യകർത്താവ് വാത്മീകി. ഉത്തരം നൽകിയത് സാക്ഷാൽ നാരദമഹർഷി. എന്താണ് രാമായണത്തിന് ഇത്രയധികം പ്രസക്തി. ധർമത്തെയും ശാസ്ത്രത്തെയും സത്യത്തെയും അസത്യത്തെയും രാമായണ കഥയിലൂടെ കാണിച്ചുതരുന്നു ആദി കവി. ധർമനിഷ്ഠയിലൂടെ, സത്യത്തിന്റെ വഴിയിലൂടെ മനുഷ്യ മനസിനെ ഉയർത്തി രാമൻ. അതുകൊണ്ടുതന്നെ ശരീരം പോലെ മനസിനേയും ധന്യമാക്കാൻ രാമന്റെ കഥ തന്നെ നമുക്ക് പാരായണം ചെയ്യാം. ശരീരത്തിലെ അഴുക്ക് പോലെ മനസിന്റെ അഴുക്കും കളയുന്നു രാമായണ പാരായണം. രാമന്റെ ഓരോ വാക്കും പ്രവൃത്തിയും മനസിനെ ശുദ്ധീകരിക്കട്ടെ. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ത്രാണിയുണ്ടാകട്ടെ. തന്നെ ഭരിക്കേണ്ടത് പരമാത്മാവാണെന്ന തിരിച്ചറിവുണ്ടാകട്ടെ.
ശത്രുവിനെ പോലും സ്നേഹിക്കാൻ പഠിപ്പിച്ചു രാമൻ. ശരീരം ക്ഷേത്രമാണെങ്കിൽ ശരീരിയായി പരമാത്മാവുണ്ടെന്ന ഉറച്ച ബോധം നേടിയെടുക്കാൻ രാമായണ പാരായണം നമ്മെ പ്രാപ്തരാക്കട്ടെ.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം