രാമകഥയുടെ ലക്ഷ്യം
Thursday, July 18, 2019 6:43 PM IST
അധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തധ്യാത്മ രാമായണം മൃത്യുശാസന പ്രോക്തം.
അധ്യയനം ചെയ്തീടും മർത്യ ജൻമികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധ ജൻമം കൊണ്ടേ’
വായനയിൽ തന്നെ സാധാരണക്കാർക്കു പോലും അർഥം ഗ്രഹിക്കാത്ത ഭാഷ്യം. അദ്ധ്യാത്മതത്ത്വങ്ങളെ പ്രകാശിപിക്കുന്നതും രഹസ്യമായിട്ടുള്ളതും ശ്രീ പരമേശ്വരനാൽ പ്രവചിക്കപ്പെട്ടിട്ടുള്ളതുമായ അദ്ധ്യാത്മരാമായണം പഠിക്കുന്ന മനുഷ്യർക്കെല്ലാം മുക്തി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുക്തി എന്നാൽ മോഹക്ഷയം. - അത്യാഗ്രഹ നാശം വന്ന് ധർമനിഷ്ഠമായ ജീവിതത്തിന് മാർഗദർശനം തരുമെന്നർഥം.
ധർമനിഷ്ഠ നേടാൻ തന്നെയായിരിക്കാം ധർമിഷ്ഠനായ രാമന്റെ കഥ തന്നെ ഈ കർക്കടകമാസത്തിലെ ആലസ്യമോചനത്തിനായി തെരഞ്ഞെടുക്കാനും കാരണം. സുഖകരമായ കർക്കടകം അലസ ജീവിതത്തിലേക്ക് നമ്മെ തള്ളിവിടാതിരിക്കാനായ് തന്നെയാണ് രാമന്റെ കഥ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു വ്യക്തി എന്ന നിലയിൽ നാം ഇതു വരെ നയിച്ച ജീവിതം എന്തായിരുന്നു എന്നും ഇനി മുന്നോട്ടുള്ള യാത്രയിൽ ഏതു ജീവിതം നയിക്കണമെന്നും നമുക്ക് കൂടുതലായി ആലോചിക്കേണ്ടി വരും. പ്രാപഞ്ചികമായ ഒരു ദർശനം രാമായണത്തിലെ ഓരോ വാക്കിലും വ്യക്തിയിലും നമുക്ക് കാണാൻ സാധിക്കും.
രാമകഥ പാടി ധർമനിഷ്ഠനായ രാമന്റെ ധാർമനിഷ്ഠ ജീവിതത്തിൽ നിന്ന് അല്പമെങ്കിലും നമുക്ക് പകർത്താൻ കഴിഞ്ഞാൽ രാമായണ പാരായണത്തിന്റെ ലക്ഷ്യം യാഥാർഥ്യമായി. തെറ്റിൽ നിന്ന് ശരിയിലേക്ക് ജീവിതയാത്ര സുഗമമാക്കുന്നു. അന്യോന സ്നേഹത്തിന്റെ ഉൗട്ടിയുറപ്പിക്കൽ - ഈ ലക്ഷ്യം നേടാനായിരിക്കട്ടെ രാമായണ പാരായണം.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം