രാമായണത്തിന്റെ പ്രസക്തി ഇന്ന്
Friday, July 19, 2019 11:18 AM IST
"രാമം ദശരഥം വിദ്ധി-
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം'
വാത്മീകി രാമായണത്തിലെ ഉത്കൃഷ്ടമായ ശ്ലോകം. രാമായണത്തെ അറിയണമെങ്കിൽ ഈ ശ്ലോകത്തെ അറിഞ്ഞേപറ്റു.
കാനനയാത്രയ്ക്ക് ശ്രീരാമചന്ദ്രനെ അനുഗമിക്കുന്ന ലക്ഷ്മണന് സുമിത്രാമാതാവ് നൽകുന്ന ഉപദേശം. ജ്യേഷ്ഠനായ രാമനെ പിതാവായും ജ്യേഷ്ഠത്തിയെ അമ്മയായും കാട് അയോധ്യയായും കരുതിയാൽ ജീവിതം ധന്യമായി എന്ന് സുമിത്രാ ദേവി ലക്ഷ്മണനെ ഉപദേശിക്കുന്നു. ഈ സന്ദേശം ഒന്നുകൊണ്ടുതന്നെ എത്രകാലം കഴിഞ്ഞാലും രാമായണത്തിന്റെ പ്രസക്തി ഉയർന്നുകൊണ്ടേയിരിക്കും.
"യാവത് സ്ഥ്യാസന്തഗിരിയാ-
സരിതശ്ചമഹീതലേ...'
മലകളും നദികളും ഉള്ളിടത്തോളം രാമായണത്തിന്റെ മാഹാത്മ്യം നിലനിൽക്കുമെന്ന് ആദികവി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ സമൂഹം ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന സന്ദർഭം. കാനനവാസം (ദു8ഖങ്ങൾ) സന്തോഷപ്രദമാക്കാൻ ഇത്തരം ചിന്തകൾ മനസിലേറ്റേണ്ടതുണ്ട്. എങ്കിൽ ഏത് പ്രതികൂല സാഹചര്യങ്ങളേയും നമുക്ക് അനുകൂലമാക്കാം.
സമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന പായ്ക്കപ്പലുകൾക്ക് കാറ്റ് എപ്പോഴും അനുകൂലമാകണമെന്നില്ല. കാറ്റ് അനുകൂലമാകുന്നതുവരെ പായ മടക്കിവയ്ക്കാം, അനുകൂലമാകുന്പോൾ പായ നിവർത്തി യാത്ര തുടരാം. അങ്ങനെ ദു8ഖങ്ങൾ സന്തോഷപ്രദങ്ങളാക്കാം. അതിന് നമ്മുടെ തന്നെ മനോഭാവങ്ങൾ മാറിയാൽ മതി.
ഒരമ്മയ്ക്ക് മകന് നൽകാൻ ഇതിൽപരം നല്ല ഉപദേശമെന്താണുള്ളത്. സദാചാരബോധം ഉളവാക്കുന്ന ഈ വരികൾ ഓരോ മനുഷ്യമനസിലും വിരാജിക്കട്ടെ.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം