കറയറ്റ ഭക്തി തന്നെ ഉത്തമ സന്താനലാഭത്തിനു ഹേതു
Thursday, July 25, 2019 11:36 AM IST
"പുത്രനായ് പിറക്കേണമെനിക്കു ഭവാനെന്നു
സത്വരമപേക്ഷിച്ചു കാരണമിന്നു നാഥൻ
പുത്രനായ് പിറന്നിതു രാമനെന്നറിഞ്ഞാലും
പൃഥ്വീന്ദ്ര ! ശേഷൻ തന്നെ ലക്ഷ്മണനാകുന്നതും'
മുജ്ജന്മത്തിൽ നീ കശ്യപപ്രജാപതിയും കൗസല്യ അദിഥിയുമായിരുന്നു. നിങ്ങളുടെ ആഗ്രഹപ്രകാരം വിഷ്ണു തന്നെയാണ് ദശരഥനായ നിനക്ക് മകനായ് പിറന്ന രാമനും. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്ക് രാമനെ അയയ്ക്കാൻ മടിച്ച ദശരഥന് ധൈര്യം നൽകുന്നു വസിഷ്ഠമുനി.
അചഞ്ചലമായ ഭക്തി കാരണമാണ് ദശരഥനും കൗസല്യാമാതാവിനും വിഷ്ണു മകനായ് പിറന്നതും. ഉത്തമയായ പാതിയും നല്ല മനസും നന്മ നേടിത്തരുമെന്നു നിശ്ചയം. യാഗരക്ഷയ്ക്ക് ശ്രീരാമനെ അയയ്ക്കാൻ മടിച്ച ദശരഥന് മുനി നൽകുന്ന ഉപദേശം ഇന്നും പ്രസക്തം.
നല്ല സന്താനങ്ങളെ ലഭിക്കുവാൻ നിറഞ്ഞ ഭക്തിയും പ്രാർഥനയും വേണമെന്ന് ഓരോ മാതൃത്വത്തേയും ഓർമിപ്പിക്കുന്നു ഈ സന്ദർഭം. മക്കൾ എത്ര കഴിവുള്ളവരാണെങ്കിലും തേച്ചുമിനുക്കിയാൽ മാത്രമേ കഴിവുകളെ ഉത്തരോത്തരം ശ്രേഷ്ഠമാക്കാൻ സാധിക്കൂ.
വനയാത്രയിൽ ആവശ്യമായ അറിവ് നേടാനും വിശ്വാമിത്രന്റെ ഉപദേശങ്ങൾ ഏറെ പഠിക്കാനും രാമലക്ഷ്മണൻമാർക്ക് സാധിച്ചു. അനുഭവമാണ് അവർക്ക് അറിവ് നൽകിയത് എന്ന് വ്യക്തം.
അലസജീവിതം നയിച്ച് ശൂർപ്പണഖമാരായി കാമത്തിന്റെ പിറകെ അലയുന്ന മാതൃത്വത്തിന് ഉത്തമൻമാരല്ല, അധമൻമാരായ പുത്രൻമാർ മാത്രമേ ഉണ്ടാകൂ. രാമായണകഥ പാരായണം ചെയ്ത് ഉത്തമരായ മാതാക്കളാകാൻ ശ്രമിക്കുക.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം