പരശുരാമന്റെ ഗർവും ശ്രീരാമന്റെ സ്നേഹവും
Thursday, July 25, 2019 11:48 AM IST
"ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോട് യുദ്ധം ചെയ്വാൻ
വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലൊകേൾ'
സീതാസ്വയംവരം ചെയ്ത് സ്വദേശത്തേക്ക് മടങ്ങുന്ന ശ്രീരാമാദികളെ തടയുന്നു കാർത്തവീര്യന്റെ ശത്രുവായ പരശുരാമൻ. ശിവശിഷ്യനാണെന്നൊരു ഗർവ് പരശുരാമന് വേണ്ടുവോളമുണ്ട്. "ഞാനൊഴിച്ച് മറ്റൊരു രാമൻ ഈ മൂന്ന് ലോകത്ത് എവിടെയെങ്കിലുമുണ്ടോ. ക്ഷത്രിയകുലാന്തകനായ എനിക്ക് നീയും ശത്രുതന്നെ. വില്ല് കുലയ്ക്കാൻ ശക്തനായ നീ എന്റെ വില്ല് കുലയ്ക്കൂ'.
മഹാൻമാരെന്നു പ്രസിദ്ധരായ ഗംഭീരാശയൻമാർ കുട്ടികളോടിങ്ങനെ തുടങ്ങിയാൽ അവർക്ക് പിന്നെ ആരാണാശ്രയം. "ശക്തനായ അങ്ങയുടെ വൈഷ്ണചാപം കുലയ്ക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. എങ്കിലും ശ്രമിക്കാം'.
അവതാരപുരുഷനാണെന്ന ബോധ്യമുണ്ടായിട്ടും തന്റെ മുന്നിൽ ഗർവിഷ്ഠനായി നിൽക്കുന്ന പരശുരാമനോട് സ്നേഹത്തോടെ സംസാരിക്കുന്നു ശ്രീരാമൻ. നമ്മുടെ യുവത്വം ഇതൊന്ന് ശ്രദ്ധിച്ചാൽ നന്നായെന്നു തോന്നുന്നു. എത്ര സ്നേഹത്തോടെ കാര്യങ്ങൾ ബോധിപ്പിക്കുന്നു ശ്രീരാമചന്ദ്രൻ. വാഗ്വാദങ്ങൾക്കൊടുവിൽ രാമനെ തിരിച്ചറിയുന്ന പരശുരാമൻ ശ്രീരാമനിൽതന്നെ വിലയം പ്രാപിക്കുന്നു.
സദ്സംഗം കൊണ്ട് ലഭിക്കുന്ന ഭക്തിയോടെ പരമാത്മാവായ നിന്നെ ആരാധിക്കുന്ന മനുഷ്യർ നിന്റെ മായയാൽ നിർമിതമായ സംസാരസാഗരം താണ്ടുന്നു. ഭക്തിയോടെ പരമാത്മാവായ ശ്രീരാമനെ - വിഷ്ണുവിനെ - ധ്യാനിക്കുന്ന ഏതൊരു മനുഷ്യനും മനസിനെ ഉയർത്തി ധന്യത നേടുന്നു. അഹങ്കാരികൾ തന്റെ അഹങ്കാരത്താൽ പരാജയം ഏറ്റുവാങ്ങുന്നു. ഗർവിനെ ഹനിച്ച് പരമാത്മതത്ത്വത്തെ അറിയുന്ന ഏതൊരുവനും സുഖവും സമാധാനവുമുള്ള ജീവിതം നയിക്കാൻ കഴിയുന്നു.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം