താടകയെ വധിച്ച് മനസിനെ നിയന്ത്രിക്കാം
Thursday, July 25, 2019 11:54 AM IST
"അവളെപ്പേടിച്ചാരും നേർവഴി നടപ്പീലാ
ഭുവനവാസീ ജനം ഭുവനേശ്വരാപോറ്റി
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷമെന്നു മാമുനിപറഞ്ഞപ്പോൾ'
ശ്രീരാമനോടായി വിശ്വാമിത്ര മഹർഷി അറിയിക്കുന്നതാണിത്. ഏതു വിധേനയും ഈ ഭയങ്കരിയായ രാക്ഷസിയെ കൊല്ലുക. അതുകൊണ്ട് ഒരു ദോഷവും വരില്ല. രാമബാണമേറ്റ താടക മറിഞ്ഞുവീഴുന്നതോടൊപ്പം ശവശരീരത്തിൽ നിന്നും അതിസുന്ദരിയായ ഒരു ദേവത പ്രത്യക്ഷപ്പെട്ടു. രാമനെ വണങ്ങി അവൾ ദേവലോകത്തേക്ക് പോയി. ഒരു സംശയം ബാക്കിയാകുന്നു. ആരാണ് താടക ?
രാമരാവണ യുദ്ധം നമ്മുടെ മനസിൽ സംഭവിക്കുന്ന വൈകാരിക സംഘട്ടനമാണെന്നു മനസിലാക്കിയാൽ ഏതു സമസ്യയ്ക്കും ഉത്തരം ലഭിക്കും.
മനുഷ്യമനസിന് രണ്ട് തലങ്ങൾ ഉണ്ട്. ബോധം, ഉപബോധം. ഇന്ദ്രിയനിയന്ത്രണമില്ലാത്ത ഉപബോധ മനസ് കാട് തന്നെ. കാമക്രോധാദികളെല്ലാം ഇന്ദ്രിയ നിയന്ത്രണമില്ലാത്ത മനസിലെ താടകമാർ തന്നെ. ഇന്ദ്രിയ നിയന്ത്രണമെന്ന രാമബാണമേറ്റ് മനസിലെ താടകമാർ മരിക്കുന്നു. സ്വർണഭൂഷണമണിഞ്ഞ് ദേവതമാരായിത്തീരുന്നു. രാമായണ പാരായണം നിറഞ്ഞ ഭക്തിയോടെയെങ്കിൽ മനസിലെ താടകയെ വധിക്കാം. മറിച്ചെങ്കിൽ കാമക്രോധങ്ങളാൽ വലഞ്ഞ് മനസുനീറി നരകമെന്ന ഗർത്തത്തിൽ പതിക്കാം.
രാമന്റെ യാത്ര; ഏതു കാര്യത്തിലും ധർമനിഷ്ഠവിടാതെയുള്ള ജീവിതചര്യ. ഈ യാത്രയിൽ നമുക്കും കൂടെ ചേരാം. മനസിലെ താടകമാരെ നാമസങ്കീർത്തനത്താൽ വധിച്ചാൽ ജീവിതം ധന്യമായി. താടകമാരില്ലാത്ത മനസ് - ഒരു രാമരാജ്യം - മനസിൽ സൂക്ഷിച്ചുകൊണ്ട് ഈ രാമായണ മാസം നമുക്ക് ധന്യമാക്കാം.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം