മനുഷ്യമനസിനെ ധർമത്തിലേക്ക് നയിക്കുന്നു രാമായണം
Sunday, July 28, 2019 12:01 PM IST
"ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറു കോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ
രാമനാമത്തെ ജ്ജപിച്ചോരു കാട്ടാളൻമുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാത'
പണ്ട് നൂറുകോടി ശ്ലോകങ്ങളുള്ള ഒരു രാമായണം ബ്രഹ്മാവ് നിർമിച്ചു. അത് ഭൂമിയിലില്ല. രാമനാമം ജപിച്ച് ഒരു കാട്ടാളൻ മഹർഷി ശ്രേഷ്ഠനായതു കണ്ട ബ്രഹ്മാവ്, ഭൂമിയിലുള്ളവർക്ക് മോക്ഷം കിട്ടുന്നതിനായ് രാമായണം രചിക്കാൻ വാത്മീകിയോട് ആവശ്യപ്പെട്ടു. അങ്ങനെ നാരദനാൽ ഉപദേശിക്കപ്പെട്ട വാത്മീകി മഹർഷി സരസ്വതീ ദേവിയുടെ സഹായത്താൽ രാമായണം രചിച്ചു.
അസ്വാഭാവികത തോന്നാം ഈ കഥയിൽ. പക്ഷെ, അസതോമാസദ്ഗമയാ എന്ന ഉപനിഷത്ത് മന്ത്രം ധർമപ്രധാനമായ എല്ലാ അസത്തുകളേയും സത്താക്കിയ രാമകഥ നമുക്ക് നല്കി. മനുഷ്യമനസിനെ ധർമത്തിന്റെ പാതയിൽ നയിക്കാൻ കെല്പുള്ളതു തന്നെ രാമായണം. കേവലം കഥാഗ്രന്ഥമെന്നതിലുപരി താത്ത്വികമായ ഭാവത്തോടെ രാമായണത്തെ സമീപിക്കുന്ന ആർക്കും ബോധ്യമാകും ഇത് ദു8ഖൗഷധം തന്നെയെന്ന്. എത്ര ദു8ഖമുണ്ടായാലും ധർമനിഷ്ഠ കടുകിട തെറ്റാതെ പ്രശ്നങ്ങൾക്ക് അറുതിയുണ്ടാക്കിയില്ലേ രാമൻ.
സത്യത്തിന്റെയും ധർമത്തിന്റെയും പ്രതിഫലനമാണ് രാമായണത്തിൽ ദർശിക്കാൻ കഴിയുക. ആഗ്രഹമാണ് ക്രോധത്തിന് നിദാനം. ലക്ഷ്മണനെ രാമൻ ഉപദേശിക്കുന്നതു പോലും ക്രോധത്തെ അടക്കാൻ തന്നെയല്ലെ. ഇന്നു കാണുന്ന എല്ലാ ദുഷ്ചെയ്തികൾക്കും ക്രോധം തന്നെയല്ലെ കാരണം.
"ക്രോധമല്ലൊ നിജധർമക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം'
ഇങ്ങനെ മനുഷ്യമനസിനെ സദ്ഗതിയിലേക്ക് നയിക്കുന്ന നിരവധി ഉപദേശങ്ങളടങ്ങിയ ഗ്രന്ഥമാണ് രാമായണം. തീർച്ചയായും, രാമനെ അറിയുന്നവർക്ക് ദു8ഖത്തിന് ഹേതുവില്ല തന്നെ.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം