മാരീചൻമാർ അന്നും ഇന്നും
Sunday, July 28, 2019 12:07 PM IST
പിന്നെ മറ്റെങ്ങുമൊരുശരണമില്ലാഞ്ഞവ-
"നെന്നെ രക്ഷിക്കേണ'മെന്നഭയം പുക്കീടിനാൻ
യാഗരക്ഷാർഥം രാമബാണം സുബാഹുവിനെ വധിച്ചപ്പോൾ തന്നിലഭയം തേടിയ മാരീചന് ദയാനിധിയായ രാഘവൻ അഭയം നൽകുന്നു . പക്ഷെ, അഭയം നൽകിയ ശ്രീരാമനെ തന്നെ ചതിക്കുന്നു മാരീചൻ.
മാരീചൻ എന്നാൽ ജലം- കണ്ണീർ. കണ്ണീർ വീഴാതിരിപ്പാൻ മാരീചവധം അനിവാര്യം. മോഹിപ്പിക്കുന്നവനാണ് മാരീചൻ. രാമായണത്തിൽ മനുഷ്യമനസിന്റെ ചാഞ്ചല്യത്തെ എത്ര സുന്ദരമായി വരച്ചുകാണിച്ചിരിക്കുന്നു ആദികവി.
ലോകത്ത് ഇന്ന് നടക്കുന്ന കാര്യങ്ങൾ യുഗങ്ങൾക്ക് മുന്പു തന്നെ കവി നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മോഹിപ്പിക്കുന്ന പല വസ്തുക്കളിലും സ്ത്രീകളുടെ ശ്രദ്ധ പതിയും. കിട്ടണമെന്ന ശാഠ്യം ഭർത്താവിന്റെ സ്വൈര്യം കെടുത്തും. കടത്തിലുഴറുന്ന ഭർത്താവിന്റെ മേൽ വീണ്ടും കടം കേറിവരും. എന്തായാലും എന്റെ ആഗ്രഹം സാധിക്കണം എന്നു മാത്രമേ ഭാര്യയ്ക്കുള്ളു. ഈ കടങ്ങൾ ആത്മഹത്യയ്ക്ക് വരെ കാരണമാകാം.
അതു മാത്രമല്ല, പലതരം അപകടങ്ങൾ പതിയിരിക്കുന്നു ജീവിതത്തിൽ. മാരീചൻ എന്ന പ്രണയത്തിനും പ്രലോഭനത്തിനും പിന്നാലെ പോയി സ്വജീവിതം ഹോമിക്കുന്നവർ എത്രയെത്ര. ഇങ്ങനെ ദു8ഖങ്ങളുണ്ടാക്കുന്ന മാരീചനെ വധിക്കാൻ രാമബാണം മാത്രമേ രക്ഷയുള്ളു. മനസിൽ രാമനാമം നിറയ്ക്കുക. മനസിനെ മദിക്കുന്ന ദു8ഖങ്ങൾ ഇല്ലാതാക്കാനായാലും പൊൻമാനിന്റെ വേഷത്തിൽ മാരീചൻ വീണ്ടും വരും. പിന്നാലെ രാവണൻമാരുമുണ്ടാകുമെന്ന് ഓർക്കുന്നത് നന്നായിരിക്കും.
രാവണന് സീതാദേവിയെ അപഹരിക്കാൻ സാധിച്ചതിന് കാരണം മാരീചൻ തന്നെയല്ലെ. ഓർക്കുക, ആദികവി നൽകുന്ന താക്കീത് നമ്മെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കും. രാമബാണമെന്ന ആ താക്കീതിനെ ഓർമയിൽ വയ്ക്കുക. മാരീചൻമാരിൽ നിന്ന് രക്ഷ നേടുക. രാമായണ പാരായണം അതിന് നമുക്ക് ശക്തി തരട്ടെ.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം