ദുഃഖത്തിന്റെ ഹേതു
Thursday, August 1, 2019 4:02 PM IST
"ഏകൻ മമ സുഖദാതാജഗതി മ-
റ്റേകൻ മമ ദുഃഖദാതാവിന വൃഥാ
തോന്നുകയില്ല ജ്ഞാനബുദ്ധികൾക്കെപ്പോഴും
തോന്നുകയില്ല ബുധൻമാർക്കതേതുമേ'
ശ്രീരാമനും സീതാദേവിക്കുമുണ്ടായ ദുഃഖത്തിനു കാരണം കൈകേയിയും മന്ഥരയുമാണെന്ന ഗുഹന്റെ വാക്കുകൾക്ക് മറുപടിയായുള്ള ലക്ഷ്മണന്റെ വാക്കുകളാണിവ. ആരുടേയും സുഖദുഃഖങ്ങൾക്ക് ആരും കാരണക്കാരല്ല. മറിച്ചുള്ള തോന്നൽ അറിവില്ലാത്തവർക്കേ ഉണ്ടാകൂ.
എത്ര മഹത്തരമായ വാക്കുകൾ.
എന്റെ ദുഃഖത്തിന് ഇന്നയാൾ കാരണമെന്ന് നാം പരാതി പറയുന്നതിന് എത്ര നല്ല മറുപടി. ലക്ഷ്മണന്റെ വാക്കുകൾ ഗുഹനുള്ള മറുപടി മാത്രമല്ല നാം ഓരോരുത്തർക്കുമുള്ളതാണ്. മനുഷ്യനായി പിറന്നാൽ സുഖദുഃഖങ്ങൾ അനിവാര്യം. ആത്മബോധമുള്ളവർ അത് തിരിച്ചറിയുന്നു. ഇതെല്ലാം തന്റെ കർമഫലം എന്ന് തിരിച്ചറിയുന്നവർക്ക് ജീവിതവിജയം സാധ്യമാകുന്നു.
പരമാത്മാവിൽ നിന്ന് പുറപ്പെട്ട് വന്നിട്ടുള്ള എന്റെ ആത്മാവ് എന്ന തിരിച്ചറിവ് പ്രപഞ്ച വികാരത്തിന്റെ ഏത് സമ്മർദത്തെയും അതിജീവിക്കും. എന്റെ ദുഃഖത്തിന് കാരണം മറ്റുള്ളവരാണെന്ന് കരുതുന്നവർ അജ്ഞാനികൾ തന്നെ.
ഭഗവത് ഗീതയുടെ സന്ദേശവും മറ്റൊന്നല്ല. എന്ത് ജ്ഞാനമുണ്ടായാലും ജന്മപ്രകൃതിക്കനുസരിച്ചേ മർത്യജൻമം ചലിക്കൂ. ഓർക്കുക, സുഖദുഃഖങ്ങൾക്ക് കാരണം മറ്റുള്ളവരല്ല എന്ന തിരിച്ചറിവ് നേടിയാൽ രാമായണ പാരായണത്തിന്റെ ഉദ്ദേശ്യം സഫലമായി.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം