രാമായണത്തിലെ കഥാപാത്രങ്ങൾ
Thursday, August 1, 2019 4:06 PM IST
"ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർഥമിനി
ശ്രീരാമായണം രചിക്കെന്നരുൾ ചെയ്തു'
ബ്രഹ്മാവ് വാത്മീകി മഹർഷിയോട് രാമായണം രചിക്കാൻ ആവശ്യപ്പെടുന്നു. അത് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും മോക്ഷദായകമായ് വരേണം. രാമായണം പാരായണം ചെയ്യുന്നവർക്കും കഥാപാത്രങ്ങളുടെ നാമം ഉച്ചരിക്കുന്നവർക്കും മുക്തി ലഭിക്കും.
രാമായണത്തിലെ കഥാപാത്രങ്ങൾ ഓരോരോ പ്രത്യേകതയുള്ളവരാണ്. ധർമത്തെ മുറുകെ പിടിച്ചവൻ രാമൻ. പതിവ്രതാരത്നങ്ങൾ സ്ത്രീകഥാപാത്രങ്ങൾ. രാക്ഷസപത്നിയായിട്ടുകൂടി മണ്ഡോദരിയുടെ ഭർതൃസ്നേഹം ഉദാത്തം. പതിനാലുവർഷം ഭർതൃവിയോഗത്താൽ ദു8ഖിതയായി കഴിഞ്ഞുകൂടുന്നു ഊർമിള.
ശിവഭക്തനും ബുദ്ധിമാനും ശക്തനും ആണ് രാവണൻ. സീതാപഹരണത്തിന് നിദാനം തന്റെ മരണം വിഷ്ണുവിന്റെ കരങ്ങളാലെന്ന തിരിച്ചറിവ് തന്നെ. മാർഗം തെറ്റെന്ന് തിരിച്ചറിഞ്ഞിട്ടും മോക്ഷം ലക്ഷ്യമായി സ്വീകരിച്ചു രാവണൻ.
സ്വാമി സ്നേഹം കൊണ്ടും ഭക്തി കൊണ്ടും മനുഷ്യമനസിൽ ചിരഞ്ജീവിയായി ബുദ്ധിമാനായ ഹനുമാൻ. സഹോദര സ്നേഹത്തിന് ഉത്തമമാതൃകകളായി ഭരതനും ലക്ഷ്മണനും. ജ്യേഷ്ഠനെ പ്രതിപുരുഷനായി കണ്ടു മാത്രമേ രാജ്യഭരണം നടത്തൂവെന്ന് ശഠിച്ചു ഭരതൻ. പതിനാലു വർഷത്തിനു ശേഷം ജ്യേഷ്ഠൻ രാജ്യഭാരം തിരിച്ചെടുത്തില്ലെങ്കിൽ അഗ്നിയിൽ ചാടി മരിക്കുമെന്നും ഭരതൻ.
കർമഫലം തേടിയെത്തും എന്നതിന് ഉദാഹരണമായി ദശരഥരാജാവ്. രാമന്റെ കൈയാലുള്ള മരണം സ്വർഗപ്രാപ്തിയെന്നു ധരിക്കുന്നു മാരീചനും സുബാഹുവും. തെറ്റ് ബോധ്യം വന്ന് പശ്ചാത്തപിച്ച ബാലി രാമപാദങ്ങൾ പൂകി മോക്ഷപ്രാപ്തി നേടുന്നു.
ഇനിയുമുണ്ട് ഉത്തമരായ നിരവധി കഥാപാത്രങ്ങൾ രാമായണത്തിൽ. കഥാപാത്രങ്ങളുടെ പ്രത്യേകതയും നൻമയും രാമായണത്തെ സന്പുഷ്ടമാക്കി. അതുതന്നെയാകാം വാത്മീകിയുടെ ദൃഢവാക്കുകൾക്ക് നിദാനം - ഈ ലോകത്ത് മലകളും നദികളും നിലനിൽക്കുവോളം രാമായണകഥ പ്രചരിക്കും.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം