നല്ല ഭാഷ നല്ല മനസിന്റെ ലക്ഷണം
Thursday, August 1, 2019 4:09 PM IST
"പശ്യസഖേ വടുരൂപിണം ലക്ഷ്മണാ
നിശേഷ ശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണയം'
വേഷം മാറി രാമലക്ഷ്മണൻമാരുടെ അരികിലെത്തിയ ഹനുമാനെ കുറിച്ചുള്ള ശ്രീരാമന്റെ വാക്കുകളാണിവ. അല്ലയോ ലക്ഷ്മണാ, ഈ ബ്രഹ്മചാരിയെ നോക്കൂ, ശബ്ദശാസ്ത്രം മുഴുവൻ പഠിച്ചവനാണിവൻ. സംസാരത്തിൽ ഒരപശബ്ദവുമില്ല. നല്ല വൈയാകരണൻ എന്നതിൽ സംശയമില്ല.
വാക്കുകൾ കൊണ്ടുതന്നെ ഒരു വ്യക്തിയെ മനസിലാക്കാം. നല്ല ഭാഷ നല്ല മനസിന്റെ ലക്ഷണം തന്നെ. ശ്രീരാമൻ ഹനുമാനെ കാണുന്ന മാത്രയിൽ തന്നെ കാര്യങ്ങൾ ഗ്രഹിച്ചു. കൂടെ ആരെന്ന ശ്രീരാമന്റെ ചോദ്യത്തിന് ഹനുമാന്റെ ഉത്തരവുമായപ്പോൾ-
"ഞാനവൻ തന്നുടെ ഭൃത്യനായുള്ളോരു
വാനരൻ വായുതനയൻ മഹാമതേ
നാമധേയം ഹനുമാനഞ്ജനാത്മജ-
നാമയം തീർത്തു രക്ഷിച്ചുകൊള്ളേണമേ'
സുഗ്രീവനെന്ന വാനരശ്രേഷ്ഠന്റെ ഭൃത്യനും വായുപുത്രനുമായ വാനരനാണ് ഞാൻ. അഞ്ജനയുടെ പുത്രനായ എന്റെ പേര് ഹനുമാനെന്നാണ്.
എളിമയോടെ എന്നാൽ ഏറ്റം ഭക്തിയോടെ അറിയിക്കുന്നു ഹനുമാൻ. ഇതുപോലൊരു മന്ത്രിയെ കിട്ടിയ സുഗ്രീവൻ തീർച്ചയായും ഭാഗ്യവാനെന്ന് മനസിൽ കരുതി രാമൻ. അതുകൊണ്ടുതന്നെ ഹനുമാനെ ഒപ്പം നിർത്തി രാമൻ. ഏതു ദുർഘടത്തേയും ചാടിക്കടക്കാൻ തയാറായി ഹനുമാൻ. സീതയും ഹനുമാന്റെ നിറഭക്തിയിൽ സംപ്രീതയായല്ലൊ.
സ്വാമിഭക്തിയും ബുദ്ധിയും കൊണ്ടുതന്നെയായിരിക്കാം നമ്മുടെ മനസിൽ ഇന്നും ഹനുമാൻ ജീവിക്കുന്നത്. ചിരഞ്ജീവിയായി തന്നെ.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം