ജന്മമല്ല, കർമമാണ് നമ്മെ ഉത്തമൻമാരാക്കുന്നത്
Thursday, August 1, 2019 4:12 PM IST
"മുന്നിലമ്മാറു കാണാം മാതംഗാശ്രമം തത്ര
സന്പ്രതി വസിക്കുന്നു ശബരീ തപസ്വിനി
ത്വൽപാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പോഴും ഭവാനെയും ധ്യാനിച്ചു വിമുക്തയായ്'
കബന്ധൻ ശ്രീരാമലക്ഷ്മണൻമാരെ അറിയിക്കുന്നതാണീ വാക്കുകൾ. ശബര്യാശ്രമത്തിലേക്കു ചെല്ലാൻ നിർദേശിക്കുന്നു. രാമബാണത്താൽ പുണ്യവാനായ് തീർന്നു കബന്ധൻ.
മുന്നിലായ് മാതംഗമഹർഷിയുടെ ആശ്രമമുണ്ട്. അവിടെ ശബരിയെന്ന പുണ്യതപസ്വിനി വസിക്കുന്നു. അങ്ങയുടെ പാദാംബുജത്തിലുള്ള ഭക്തിയാൽ അങ്ങയെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ശബരിയെ കണ്ടാൽ അവർ വേണ്ട കാര്യങ്ങൾ പറഞ്ഞുതരും.
ശബര്യാശ്രമം - പൂക്കൾ വാടാത്ത, കൊഴിയാത്ത സുഗന്ധപൂരിതമായ പ്രദേശം. കായ്കനികൾ സുലഭം. പക്ഷിമൃഗാദികൾ ശത്രുതയില്ലാതെ വിഹരിക്കുന്ന വനപ്രദേശം. മാതംഗമുനിയുടെ ആശ്രമമായിട്ടുകൂടി ശബര്യാശ്രമം എന്നറിയപ്പെടാൻ ഇടയായി. മാതംഗമുനിയെ സേവിച്ച്, അനുഗ്രഹം ലഭിച്ച് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമദർശനത്തിനായി കാത്തിരിക്കുന്ന മാതംഗമുനിയുടെ അനുഗ്രഹം നേടിയ ശബരിയെന്ന പുണ്യവതി താമസിക്കുന്ന ആശ്രമം. അധ8കൃത വർഗത്തിൽ ജനിച്ച് ഭക്തികൊണ്ട്, കർമം കൊണ്ട് ഈശ്വരപാദം പൂകിയ പുണ്യാത്മാവ്- ശബരി.
രാമദർശനത്താൽ മോക്ഷം ലഭിച്ചു ശബരിക്ക്. ജന്മമല്ല കർമമാണ് നമ്മെ ഉത്തമൻമാരാക്കുന്നതെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്തു ശബരി. നിന്റെ കറയറ്റ ഭക്തികൊണ്ടു മാത്രമാണ് എന്റെ ദർശനം സാധ്യമായതെന്ന് ശബരിയെ അറിയിച്ചു ശ്രീരാമൻ.
"പുരുഷസ്ത്രീജാതിനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തിവന്നീടുവാനുമില്ല മറ്റേതുമൊന്നും'
ഇതിൽ കൂടുതൽ നല്ല ഒരുപദേശം മനുഷ്യരാശിക്ക് ലഭിക്കാനില്ല. ഭക്തി ഒന്നു കൊണ്ടു മാത്രമേ ഈശ്വരസായൂജ്യം നേടാനാകൂ എന്ന് ഓർമിപ്പിക്കുന്ന വാക്കുകൾ. നിറഞ്ഞ ഭക്തിയുടെ വാസസ്ഥലമായതുകൊണ്ടായിരിക്കും ധർമശാസ്താവു പോലും ശബരി താമസിച്ച മലയിൽ കുടികൊള്ളാൻ ഇടയായതും.
ഗോപാലകൃഷ്ണൻ മാസ്റ്റർ, ചെറുതാഴം