എല്ലാം അമിത്ഷായുടെ “കൈപ്പിടി’’യിൽ
Tuesday, August 6, 2019 11:11 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള മോദി സർക്കാരിന്റെ നീക്കം കരുതിക്കൂട്ടിയുള്ള തയാറെടുപ്പുകൾക്കു ശേഷം നടപ്പാക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പാർലമെന്റിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൈവശമുണ്ടായിരുന്ന രേഖകളിലെ വിവരങ്ങൾ. അമിത് ഷാ പാർലമെന്റിലേക്ക് വന്നിറങ്ങുന്ന സമയം കൈയിൽ കരുതിയ ഫയലുകളുടെ ചിത്രം മാധ്യമപ്രവർത്തകർ പകർത്തിയെടുത്തതിൽ പുതിയ ബില്ലവതരണവും സർക്കാർ നടപടികളും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി വായിച്ചെടുക്കാമായിരുന്നു.
ഭരണഘടനാപരവും രാഷ്ട്രീ യപരമായും ക്രമസമാധനപരവുമായി സർക്കാർ എടുത്ത മുൻകരുതൽ കൃത്യമായി അടയാളപ്പെടുത്തുന്ന കടലാസായിരുന്നു അമിത്ഷായുടെ കൈവശം ഉണ്ടായിരുന്നത്.
കാഷ്മീർ സംബന്ധിച്ച തീരുമാനം രാഷ്ട്രപതിയെ അറിയിക്കുക, തുടർന്ന് കാബിനറ്റ് യോഗം, രാജ്യസഭയിലെ ബില്ലവതരണം, രാജ്യസഭയിലെ സുരക്ഷ, ആഭ്യന്തര സെക്രട്ടറിയെ ജമ്മു കാഷ്മീരിലേക്ക് അയക്കുക തുടങ്ങിയ വിവരങ്ങൾ ഈ രേഖയിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ഈ ചിത്രം പുറത്തു വന്നതിന്റെ തൊട്ടു പിന്നാലെയാണ് രാജ്യസഭയിൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നീക്കുന്ന പ്രമേയം അമിത്ഷാ അവതരിപ്പിച്ചത്.