കവളപ്പാറ: മരണം 13 ആയി
Monday, August 12, 2019 12:50 PM IST
പോത്തുകൽ കവളപ്പാറ മുത്തപ്പൻകുന്ന് ദുരന്തത്തിൽ ഇന്നലെ നാലു മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം പതി മൂന്നായി. വെട്ടുപറന്പിൽ ജോജി എന്ന വിക്ടറുടെ മകൾ അലീന(എട്ട്), മുതിരകുളം മുഹമ്മദ്(50), താണിക്കൽ ഭാസ്കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്സ മാനുവൽ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. അലക്സ മാനുവൽ മകൾ രാജിയുടെ വീട്ടിൽ വിരുന്നുവന്നതാണ്. 50 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്.
വ്യാഴാഴ്ച രാത്രിയിലൂണ്ടായ ദുരന്തത്തിൽ 63 പേരെ കാണാതായെന്നാണ് വിവരം. 43 വീടുകൾ പൂർണമായി തകർന്നു. അൻപതോളം വീടുകൾ വാസയോഗ്യമല്ലാതായി. അനുകൂല കാലാവസ്ഥയായിരുന്നതിനാൽ ഞായറാഴ്ച തെരച്ചിൽ കാര്യക്ഷമമായി നടന്നു. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സൈനികരുടെയും എഴുപത്തഞ്ചോളം വരുന്ന പോലീസിന്റെയും ദുരന്തനിവാരണ സേന, ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണു തെരച്ചിൽ നടക്കുന്നത്. കൂടാതെ ട്രോമാകെയർ ഉൾപ്പടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചും അതിനോടു ചേർന്ന സ്ഥലങ്ങൾ നോക്കിയുമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ. വലിയ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു തെരച്ചിൽ ശക്തമാക്കാനാണ് ആലോചന.