പ്രളയക്കെടുതി: മരണം 95; ക്യാന്പുകളിൽ 2.26 ലക്ഷം പേർ
Wednesday, August 14, 2019 6:52 PM IST
പ്രളയക്കെടുതിയുടെ ആറാം ദിനം സംസ്ഥാനത്തെ മരണസംഖ്യ നൂറോടടുക്കുന്നു. കാലവർഷക്കെടുതിയിൽ ഇതുവരെ 95 പേർ മരിച്ചതായാണു കണക്ക്. മണ്ണിൽ പുതഞ്ഞവരടക്കം 59 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ദുരന്തം വലിയ ഭീതി വിതച്ച മലപ്പുറം കവളപ്പാറയിൽനിന്ന് ഇന്നലെ 23 മൃതദേഹങ്ങളാണു കണ്ടെത്തിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 31 പേരാണ് ഇവിടെ മരിച്ചത്. ഏറ്റവുമധികം പേരെ കണ്ടെത്താനുള്ളതും മലപ്പുറത്താണ്. ഇവിടെനിന്നു കാണാതായ 51 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. വയനാട്ടിൽ ഏഴു പേരെയും കോട്ടയത്ത് ഒരാളെയും കണ്ടെത്താനുണ്ട്.
കോഴിക്കോട്ട് 17 പേരും വയനാട്ടിൽ 12 പേരും മരിച്ചു. കണ്ണൂർ- ഒൻപത്, തൃശൂർ- എട്ട്, ഇടുക്കി- അഞ്ച്, ആലപ്പുഴ- നാല്, കോട്ടയം, കാസർഗോഡ് ജില്ലകളിൽ രണ്ടു പേർ വീതവും പാലക്കാട്ട്് ഒരാളും മരിച്ചതായാണു കണക്ക്.
സംസ്ഥാനത്താകെ 12,216 വീടുകൾ തകർന്നു. 1,057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 1,290 ദുരിതാശ്വാസ ക്യാന്പുകളിലായി 2.26 ലക്ഷം പേരാണ് ഇപ്പോഴുമുള്ളത്. 70,000 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ഇന്നലെ മലപ്പുറം, വയനാട് ജില്ലകളിലെ ദുരന്തമേഖലകൾ സന്ദർശിച്ചു.