നൗഷാദിന്റെ പാത പിന്തുടർന്ന് കുഞ്ഞുമോനും
Wednesday, August 14, 2019 6:57 PM IST
ദുരിതാശ്വാസ ക്യാന്പിലേക്ക് വസ്ത്രങ്ങൾ ചോദിച്ചെത്തിയവർക്കു ചാക്കുകണക്കിനു തുണികൾ നൽകിയ നൗഷാദിന്റെ പാത പിന്തുടർന്നു കുഞ്ഞുമോനും.
എടത്വ മരിയ ലേഡീസ് ആൻഡ് കിഡ്സ് ഉടമ ആശാരിപറന്പിൽ കുഞ്ഞുമോനാണ് പ്രളയസഹായം ചോദിച്ചെത്തിയ ഒരു പറ്റം ചെറുപ്പക്കാരെ അന്പരപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പ്രളയസഹായം നൽകാനായി വസ്ത്രങ്ങൾ ചോദിച്ചു കടയിലെത്തിയവർക്കു കടയിലെ ഷെൽഫിൽനിന്നും വസ്ത്രങ്ങൾ എടുത്ത് മൂന്നുകിറ്റ് നിറയെ നൽകി.
ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ നൗഷാദിന്റെ പ്രവൃത്തി കുഞ്ഞുമോനു വീണ്ടും പ്രചോദനവുമാവുകയും എടത്വയിൽനിന്ന് മലബാറിലേക്കു പ്രളയസഹായവുമായി പോവുന്ന സിജോ സെബാസ്റ്റ്യൻ മൂന്നുപറയിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ വൈകുന്നേരം വീണ്ടും കടയിലേക്കു വിളിച്ചു വരുത്തി ഓണക്കച്ചവടത്തിനായി കടയിലെത്തിച്ച തുണികളിൽനിന്ന് 19 ഓളം വലിയ കിറ്റു നിറയെ നൽകുകയുമായിരുന്നു. ഈ പ്രവൃത്തി കണ്ട് അന്പരന്ന സുഹൃത്തുകൾതന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ കുഞ്ഞുമോന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് കടയിലെത്തുന്നത്.