കവളപ്പാറയിൽ ഇന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി; തെരച്ചിൽ ഊർജിതം
Wednesday, August 14, 2019 7:30 PM IST
നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 30 ആയി. ഇനി 29 പേരെ കൂടിയാണ് മണ്ണിനടിയിൽ നിന്നും കണ്ടെത്താനുള്ളത്.
രാവിലെ സ്ഥലത്ത് വെയിൽ തെളിഞ്ഞെങ്കിലും പിന്നീട് ശക്തമായ മഴപെയ്തത് രക്ഷാപ്രവർത്തനത്തിന് തടസമായി. പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും 8.30 ഓടെയാണ് ആദ്യ മൃതദേഹം കണ്ടെത്താനായത്. പിന്നീട് 11ന് ശേഷമാണ് തുടരെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു വീട്ടിൽ നിന്നും കാണാതായ എട്ട് പേരിൽ ആറ് പേരുടെ മൃതദേഹങ്ങളാണ് ഉച്ചയോടെ കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പന്ത്രണ്ട് അടിയോളം മണ്ണുമാറ്റിയാൽ മാത്രമേ വീടിന്‍റെ അവശിഷ്ടങ്ങൾക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നുള്ളു. അതിനിടെ ഉറപ്പില്ലാത്ത മണ്ണായതിനാൽ മണ്ണുമാന്തിയന്ത്രം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.