സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 103 ആയി
Wednesday, August 14, 2019 7:34 PM IST
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടലിൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെ കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.
അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല.
അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.