മരണം നൂറു പിന്നിട്ടു
Thursday, August 15, 2019 12:55 PM IST
മഴയുടെ ശക്തി കുറഞ്ഞതോടെ ആശ്വാസത്തോടെ ജനങ്ങള്‍. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും കാണാതായവരില്‍ ഇതുവരെ കണ്ടെത്താനായത് 102 പേരുടെ മൃതദേഹങ്ങള്‍. ഇനിയും കണ്ടെത്താനുള്ളത് 37 പേരെന്ന് ഔദ്യോഗിക കണക്ക്.
ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ചു മലപ്പുറത്ത് 29 പേരെയും വയനാട് ഏഴു പേരെയും കോട്ടയത്ത് ഒരാളെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തതു മലപ്പുറം ജില്ലയിലാണ്. 42 പേരുടെ മരണമാണ് മലപ്പുറത്തു സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് -17, വയനാട് -12, കണ്ണൂര്‍-ഒന്‍പത്, തൃശൂര്‍ -എട്ട്, ഇടുക്കി -അഞ്ച്, ആലപ്പുഴ -നാല്, കോട്ടയം -രണ്ട്, കാസര്‍ഗോഡ് , പാലക്കാട് -ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.
സംസ്ഥാനത്ത് 1,119 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,508 കുടുംബങ്ങളിലെ 1,89,649 പേര് കഴിയുന്നുണ്ട്. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയില്‍നിന്ന് ഇന്നലെ ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇന്നലെ മഴ ശക്തമായതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. വയനാട് പുത്തുമലയിലും ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ നടത്തി. മനുഷ്യര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളയിടങ്ങളുടെ ഭൂപടംതയാറാക്കിയാണു പുത്തുമലയില്‍ തെരച്ചില്‍ നടത്തിയത്.