പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് അമീൻ കർമസേന
Thursday, August 15, 2019 4:23 PM IST
വയനാട് പുത്തുമലയിലുണ്ടായ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട് കൂരാച്ചുണ്ടിലെ അമീൻ ദുരന്തനിവാരണ കർമസേനാംഗങ്ങളും. ഓൾ ഇന്ത്യാ ബോയ്സ് സ്കൗട്ട് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ടീമിൽ 35 അംഗങ്ങളാണുള്ളത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരായ മുങ്ങൽ വിദഗ്ധർ, ഡ്രൈവർ, ഇലക്ട്രീഷൻ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയ സേനയിലെ 15 അംഗങ്ങളാണ് കഴിഞ്ഞദിവസം പുത്തുമലയിൽ രക്ഷാപ്രവർത്തനങ്ങളിൽ കർമനിരതരായത്.
സമീപ പ്രദേശങ്ങളിൽ എവിടെയും അത്യാഹിതങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഈ കർമസേനയുടെ സഹായം ഏറെ പ്രശംസനീയമായി മാറിയിട്ടുണ്ട്. കഴിഞ്ഞവർഷം കരിഞ്ചോലമല ദുരന്തഭൂമിയിലും ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മുജീബ് കോട്ടോല, ബിജു കക്കയം, പത്രോസ് കക്കയം, ജലീൽ കുന്നുംപുറം, ബിനു കൂരാച്ചുണ്ട്, റിനോജ് കുറുമുട്ടം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ടീമിലുള്ളത്.