പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴ് പേരെ; തെരച്ചിൽ ഊർജിതം
Friday, August 16, 2019 1:29 PM IST
ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ ഏഴ് പേർക്കായി വയനാട്ടിലെ പുത്തുമലയിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിലും ഇവിടെ നിന്ന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ തുടരുന്നത്. വ്യാഴാഴ്ച മനുഷ്യന്‍റെ സാന്നിധ്യം മണത്ത് കണ്ടുപിടിക്കുന്ന നായ്ക്കളെ കൊച്ചിയിൽ നിന്നെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വൻതോതിൽ മണ്ണുവന്ന് മൂടി ചതുപ്പുപോലെ ഭൂമി മാറിയതിനാൽ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും പരാജയപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ച് അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തെരച്ചിൽ തുടരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചിൽ ഇന്നും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചത്.
പുതിയ സാങ്കേതിക വിദ്യകൾ തെരച്ചിലിന് എത്തിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടങ്കിലും അത്തരം തെരച്ചിൽ സാമഗ്രികൾ എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലിലാണ് അധികൃതർ.