പ്രളയ ദുരിതാശ്വാസമായി ആടിനെ നൽകി വീട്ടമ്മ
Sunday, August 18, 2019 1:01 PM IST
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സാന്ത്വനമേകാൻ തന്റെ ആട്ടിൻ പറ്റങ്ങളിൽ ഒന്നിനെ വീട്ടമ്മ ജനമൈത്രി പോലീസ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തണ്ണിത്തോട് മൂർത്തിമണ് സ്വദേശി നിരവേൽവീട്ടിൽ സജികുമാരിയാണ് തന്റെ ഉപജീവനമാർഗമായ ആട്ടിൻ പറ്റങ്ങളിൽ നിന്നും ഒരെണ്ണത്തിനെ എസ്ഐ എ.പി. ബാബുരാജിനെ ഏൽപ്പിച്ചത്.
പ്രളയ ദുരന്തത്തിന്റെ വാർത്ത അറിഞ്ഞപ്പോൾ മുതൽ അവരെ സഹായിക്കാൻ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്നുള്ള ആഗ്രഹമായിരുന്നു സജികുമാരിക്ക്. എന്നാൽ, കൈയിൽ പൈസ ഒന്നും എടുക്കാനുമില്ല. എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുന്പോഴാണ് തണ്ണിത്തോട് സ്റ്റേഷനിലെ ജനമൈത്രി ചുമതലയുള്ള പോലീസുകാർ ദുരിത ബാധിതരെ സഹായിക്കാൻ അവശ്യവസ്തുക്കൾ ശേഖരിക്കാൻ എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല - വളർത്താടിനെ പോലീസുകാരെ ഏല്പിച്ചു
.ആടിനെ വിറ്റു കിട്ടുന്ന കാശ് എത്രയുണ്ടെങ്കിലും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അറിയിച്ചാണ് ആടിനെ പോലീസിനു കൈമാറിയത്. വെള്ളിയാഴ്ച്ച ആടിനെ വിറ്റുകിട്ടിയ 2500 രൂപ ഫെഡറൽ ബാങ്കിന്റെ തണ്ണിത്തോട് ശാഖ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്ന് എസ്ഐ ബാബുരാജ് പറഞ്ഞു. ജനമൈത്രി പോലീസ് അംഗങ്ങളായ സന്തോഷ്, ബൈജു, ബിജു, ജെസി എന്നിവരും എസ്ഐയോടൊപ്പമുണ്ടായിരുന്നു.