കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകി ഹാരിഷ
Sunday, August 18, 2019 2:13 PM IST
ദുരിതബാധിതർക്കു വസ്ത്രശേഖരം ദാനം നല്കി നന്മമരമായി മാറിയ എറണാകുളം ബ്രോഡ് വേയിലെ നൗഷാദിനു പിന്നാലെ തന്റെ തുണിക്കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിരിക്കുകയാണ് മട്ടാഞ്ചേരി കോമ്പാറമുക്ക് സ്വദേശിനി ഹാരിഷയെന്ന യുവതി. കോമ്പാറമുക്കില്‍ ഉമ്മാസ് കളക്ഷന്‍ എന്ന പേരിൽ വസ്ത്ര വ്യാപാരം നടത്തുകയാണിവർ.
ടിക് ടോക്കിലൂടെ പ്രശസ്തമായ അമ്മാമേം കൊച്ചുമോനും എന്ന ഗ്രൂപ്പിന്റെ ലൈവ് ഷോ കണ്ടിട്ടാണ് ഹാരിഷ വസ്ത്രങ്ങള്‍ നൽകാമെന്നു സന്ദേശം നൽകിയത്. വസ്ത്രങ്ങൾ എത്തിച്ചു തരാമെന്നു ഹാരിഷ പറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇവരുടെ കടയിലെത്തി വസ്ത്രങ്ങള്‍ ശേഖരിച്ചു. കുറച്ചു വസ്ത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കു കടയിലെ മുഴുവൻ വസ്ത്രങ്ങളും നല്‍കുകയായിരുന്നു ഹാരിഷ.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് ഫൈസലിന്റെ സമ്മതത്തോടെയായിരുന്നു ദാനം. ഇനി തനിക്കറിയാവുന്ന തയ്യൽ ജോലിയുമായി മുന്നോട്ടുപോകുമെന്നു ഹാരിഷ പറഞ്ഞു. തങ്ങള്‍ക്കിപ്പോള്‍ കിടക്കാനെങ്കിലും ഇടമുണ്ടെന്നും എല്ലാം നഷ്ടപ്പെട്ടവരുടെ വേദന കണ്ടില്ലന്നു നടിച്ചാല്‍ ദൈവം പൊറുക്കില്ലന്നും ഹാരിഷ പറയുന്നു.
ശാരദാ മന്ദിറില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന ഫൈഹയും മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയയില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഫിദയുമാണ് ഹാരിഷയുടെ മക്കള്‍. നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് വസ്ത്രങ്ങള്‍ നല്‍കിയത്.