പ്രളയദുരന്തത്തിന്റെ കണ്ണീരൊപ്പാന്‍ പ്രിയാകുമാരിയുടെ വക ഭൂമിയും
Sunday, August 18, 2019 3:25 PM IST
പ്രളയദുരന്തത്തില്‍ വൻ നാശനഷ്ടം നേരിട്ട സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുമ്പോള്‍ മാനവിക മൂല്യങ്ങളുടെ പുതിയൊരു നക്ഷത്രം കൂടി.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തിലായവരുടെ കണ്ണീരൊപ്പാന്‍ കുറ്റിക്കോലിലെ എ. പ്രിയാകുമാരി ദുരിതാശ്വാസ നിധിയിലേക്ക് തന്റെ 10 സെന്റ് ഭൂമിയാണ് നല്‍കിയത്. മുളിയാര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്സായി പ്രവര്‍ത്തിക്കുന്ന ഇവർക്ക് സഹജീവികളുടെ പ്രയാസം ഹൃദയത്തില്‍ തൊട്ടറിയാന്‍ സാധിക്കുമെന്നതിന്റെ തെളിവായി ഈ പുണ്യപ്രവൃത്തി.
തന്റെ തീരുമാനത്തിന് കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് രവീന്ദ്രനും കുടുംബാംഗങ്ങളും എല്ലാവിധ പിന്തുണയും നല്‍കിയതായി അവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തെ ദുരിതത്തിലാക്കിയ നൂറ്റാണ്ടിലെ പ്രളയസമയത്ത് തന്നെ തന്റെ ഭൂമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം നല്കാന് ഉദ്ദേശിച്ചിരുന്നതായും ഇതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതിനാല്‍ അന്ന് കൈമാറാന്‍ സാധിച്ചില്ലെന്നും പ്രിയാകുമാരി പറഞ്ഞു. ഇവരുടെ പേരില്‍ കുറ്റിക്കോല്‍ വില്ലേജിലുള്ള 92 സെന്റ് സ്ഥലത്ത് നിന്നാണ് പത്ത് സെന്റ് സ്ഥലം നല്‍കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ഇവര്‍ക്ക് ബിരുദത്തിന് പഠിക്കുന്ന മകളും കുറ്റിക്കോല്‍ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന ഭൂമിയുടെ രേഖകള്‍ കളക്ടറേറ്റില്‍ പ്രിയാകുമാരിയില് നിന്നും എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ഡി.സജിത്ബാബു, എഡിഎം എന്‍. ദേവീദാസന്, സിഎബ്ല്യുസി ചെയര്‍പേഴ്സണ്‍ പി.പി.ശ്യാമളാദേവി എന്നിവര്‍ സംബന്ധിച്ചു.