മിന്നൽപ്രളയത്തിനു പിന്നിൽ അതിവർഷം
Monday, August 19, 2019 1:39 PM IST
രണ്ടോ മൂന്നോ ദിവസംകൊണ്ടു പെയ്യേണ്ട കാലവർഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പെയ്തൊഴിയുന്ന പ്രതിഭാസം. ജില്ലയിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാവുകയാണ് ഈ ദിവസങ്ങളിലെ തുള്ളിക്കൊരു കുടം പെയ്ത്ത്. ജൂണിലും ജൂലൈയിലും മടിച്ചുനിന്ന പെയ്ത്ത് ഓഗസ്റ്റിൽ തകർക്കുകയാണ്. കഴിഞ്ഞുപോയ രണ്ടു വെള്ളപ്പൊക്കങ്ങൾക്കും കാരണമായത് അതിവർഷം തന്നെ.
നാലഞ്ചു മണിക്കൂറുകൾക്കുള്ളിൽ 100 മില്ലിമീറ്ററിനു മുകളിൽ പെയ്ത മഴ. കഴിഞ്ഞ വർഷം മുതലാണ് ജില്ലയിൽ ഈ പ്രതിഭാസമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. മഴപ്പെയ്ത്തിൽ ഇക്കൊല്ലം കേരളത്തിൽതന്നെ ഒന്നാം സ്ഥാനത്താണ് കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും ഈരാറ്റുപേട്ടയും.
കിഴക്കൻ മലകളിൽ മണ്ണിടിച്ചും ഉരുൾപൊട്ടിയും കുതിച്ചുവന്ന വെള്ളം മണിമല, അഴുത, മീനച്ചിൽ നദികളെയും തീരങ്ങളെയും മൂടി. മണിമല, മീനച്ചിൽ നദികൾ ജില്ലയുടെ കിഴക്കൻ മലകളിൽ ഉത്ഭവിച്ച് 40 കിലോമീറ്ററിൽ താഴെ ഒഴുകിയെത്തുന്പോൾ നിരവധി നഗരങ്ങളും പാലങ്ങളും മൂടുന്ന സാഹചര്യമാണ്.
മീനച്ചിലിലെ കുത്തൊഴുക്കിൽ ഈരാറ്റുപേട്ട മുതൽ കിടങ്ങൂർ വരെ വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. പിന്നീട് വെള്ളം മീനച്ചിലാറ്റിലൂടെ വേന്പനാട്ടുകായലിലേക്കുള്ള തള്ളലിൽ കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിലാകും. പന്പയിലെ വെള്ളംകൂടി അപ്പർ കുട്ടനാട്ടിലൂടെ വേന്പനാടുകായലിലെത്തുന്പോൾ കായലിൽനിന്നും വെള്ളം തീരങ്ങളിലേക്കൊഴുകുന്ന സാഹചര്യം.
മണിമലയാറ്റിലെ വെള്ളപ്പൊക്കം മുണ്ടക്കയം മുതൽ തിരുവല്ല വരെ പ്രദേശങ്ങളെ ബാധിക്കുന്നു. പല നഗരങ്ങളിലും തീരങ്ങളിലുണ്ടായ കൈയേറ്റത്തിൽ പുഴയുടെ വീതി കുറഞ്ഞതാണ് വെള്ളം കയറാൻ മറ്റൊരു കാരണമായിരിക്കുന്നത്. ഘട്ടംഘട്ടമായി രണ്ടു മൂന്നു ദിവസങ്ങളിൽ ഉയർന്നു കയറിയിരുന്ന വെള്ളം രാത്രിമഴയിൽ പെട്ടെന്നുയരുന്നത് ഏറെ നഷ്ടങ്ങൾക്ക് ഇടയാക്കുന്നു. നഗരങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ മുതൽ നശിക്കുന്നു. വീടുകളിൽ വെള്ളം കെട്ടിനിന്ന് വീട്ടുസാമഗ്രികൾ അപ്പാടെ നശിക്കുന്നതും പതിവായിരിക്കുന്നു. കൃഷിനാശം വേറെ.