ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
Saturday, December 14, 2019 11:42 AM IST
ബേത്ലഹേം ഒരിക്കൽക്കൂടി ഒരുങ്ങുകയാണ്. ഉണ്ണീശോയെ സ്വീകരിക്കാൻ. ബേത്ലഹേം നമ്മോടു പറയുന്നതു നാമോരോരുത്തരും ബേത്ലഹേം ആകണമെന്നാണ്. അതിനുശേഷം വേണം ഉണ്ണിയെ സ്വീകരിക്കാനും ക്രിസ്മസ് ആഘോഷിക്കാനും.
ബേത്ലഹേം വളരെ പുരാതനമായ പട്ടണമാണ്. ഇന്നത്തെ പാലസ്തീനയിലാണ് അതു സ്ഥിതിചെയ്യുന്നത്. ജറുസലേമിൽനിന്ന് ഒൻപതു കിലോമീറ്റർ തെക്കുകിഴക്കായാണ് സ്ഥാനം. 2019 വർഷങ്ങൾക്കു മുന്പ് അവിടെ പിറന്ന ഒരു ഉണ്ണിയെ സ്വീകരിക്കാനാണ് ലോകം വീണ്ടും ക്രിസ്മസ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ബേത്ലഹേം നമ്മോടു പറയുകയാണ്, വരൂ, ബേത്ലഹേം ആകൂ.
ബേത്ലഹേം എന്ന വാക്കിന്റെ അർഥം ഹെബ്രായ ഭാഷയിൽ അപ്പത്തിന്റെ ഭവനം എന്നാണ്. ബേത്ലഹേം ധാരാളം ഗോതന്പുകൃഷി നടന്നിരുന്ന സ്ഥലമാണ്. അതായിരിക്കാം അത്തരമൊരു പേരിനാധാരം. അപ്പത്തിന്റെ ഭവനത്തിൽ അനേകർക്ക് അപ്പം നൽകിയവൻ, അപ്പമായി മാറിയവൻ വന്നുപിറന്നുവെന്നതു ചരിത്ര യാഥാർഥ്യം.
ആധുനിക ബേത്ലഹേമിൽ സംസാരിക്കുന്ന ഭാഷ അറബിയാണ്. അറബി ഭാഷയിൽ ബേത്ലഹേം എന്ന വാക്കിന്റെ അർഥം മാംസത്തിന്റെ ഭവനം എന്നാണ്. മാംസത്തിന്റെ ഭവനത്തിൽ വചനം മാംസം ധരിച്ചുവെന്നതു യാദൃച്ഛികതയാകാനിടയില്ല.
ബേത്ലഹേമിൽ ധാരാളം ഇടയന്മാരുണ്ടായിരന്നു. ഇടയന്മാരുടെ മുഖ്യ ഭക്ഷണം മാംസമായിരുന്നു. ആ നിലയിൽ ബേത്ലഹേമിനു മാംസത്തിന്റെ ഭവനം എന്ന പേരും യോജിച്ചതാണ്. അപ്പത്തിന്റെ ഭവനമാകാനും അപരനുവേണ്ടി മുറിക്കപ്പെടാനും സമാധാനത്തിന്റെ ദൂതരായി മാറാനുമുള്ള ആഹ്വാനം ബേത്ലഹേം നമുക്കു നൽകുന്നു.
റവ.ഡോ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ