കരിപ്പൂരില്‍ വിമാനദുരന്തം
Saturday, August 8, 2020 12:20 PM IST
ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്നു തെന്നിമാറി കരിപ്പുർ വിമാനത്താവളത്തിൽ വൻ അപകടം. ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെരാത്രി 7:35 ന് റണ്‍വേയില്‍ നിന്നു തെന്നി മാറി 35 അടി താഴേക്ക് വീണു. വിമാനം രണ്ടായി പിളർന്ന് മുൻഭാഗം തകർന്നു.
പതിനൊന്നുപേർ മരിച്ചതായാണ് ആദ്യവിവരം. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ ആണ് മരിച്ചവരിൽ ഒരാൾ. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്.
വിമാനം ലാൻഡ് ചെയ്യുന്പോൾ കനത്ത മഴയായിരുന്നു. പൈലറ്റിന് റൺവേ ശരിയായി കാണാനാവാഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം വേണ്ടവിധം നിയന്ത്രിക്കാനായില്ല. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എഎക്സ്പി 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.
കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 184 യാത്രക്കാര്‍ ഉള്‍പ്പെടെ 191 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം രാത്രിവൈകിയും തുടരുകയാണ്. മലപ്പുറം ജില്ലയിലെ വിവിധ ആംബുലന്‍സുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചു.