പന്പ ഡാം തുറന്നു, ജലനിരപ്പുയർന്നു
Monday, August 10, 2020 4:23 PM IST
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പന്പ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്ച തുറന്നു. പൂർണസംഭരണശേഷിയിലേക്ക് വെള്ളമെത്തിയില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ പി. ബി. നൂഹ് ഉത്തരവിടുകയായിരുന്നു. ജലനിരപ്പ് 983.45 മീറ്ററിലെത്തിയപ്പോഴാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. 986.33 മീറ്ററാണ് പരമാവധി ശേഷി.
ആറ് ഷട്ടറുകൾ രണ്ട് അടി വീതം ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് കളക്ടർ അനുമതി നൽകിയത്. ഉച്ചയോടെ രണ്ട് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 982 മീറ്ററിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. വൈകുന്നേരം നാല് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ സംഭരണിൽ ജലനിരപ്പ് ഉയരുകയാണ്.
ഇന്നലെ രാവിലെ 6.45 മീറ്ററായിരുന്നു പന്പയിലെ ജലനിരപ്പ്. റാന്നിയിലും സമീപപ്രദേശങ്ങളിലും മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും പ്രളയസമാനമായ അന്തരീക്ഷമുണ്ടായില്ല. ശബരിമല പന്പ ത്രിവേണിയിലാണ് ആദ്യം വെള്ളമുയർന്നത്. റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ 99 കുടുംബങ്ങളിലെ 288 ആളുകളെ മാറ്റിപ്പാർപ്പിച്ചു. അയിരൂർ, ആറന്മുള തുടങ്ങി പന്പയുടെ തീരപ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകി ക്രമീകരണങ്ങൾ ചെയ്തിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയും കൊല്ലത്തുനിന്നെത്തിയ മത്സ്യത്തൊഴിലാളികളും വള്ളങ്ങളും സജ്ജമായിരുന്നു.