ചിഹ്നം പതിച്ച ബൈക്കുമായി പറക്കുന്നു... ജയിംസ്
Friday, March 19, 2021 12:54 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചിഹ്നം പതിപ്പിച്ച ബൈക്ക്. അരിവാൾ നെൽകതിർ ചിഹ്നം പതിപ്പിച്ച ബൈക്കുമായി പ്രചാരണം നടത്തുന്നതു നെല്ലങ്കരയിലെ ചുമട്ടുതൊഴിലാളിയായ ജയിംസാണ്. ബൈക്കിന്റെ പെട്രോൾ ടാങ്കിലും മഡ്ഗാർഡിലും ചുവന്ന പ്രതലത്തിൽ വെളുത്ത നിറമുള്ള അരിവാളും നെൽകതിരും ചിഹ്നമുള്ള സ്റ്റിക്കറുകൾ പതിച്ചാണ് ജയിംസിന്റെ പര്യടനം.
ചിഹ്നം പതിച്ച ബൈക്കിൽ ജയിംസ് ശരിക്കുമൊരു ജയിംസ് ബോണ്ട് സ്റ്റൈലിലാണ് പറക്കുന്നത്. സിപിഐ പ്രവർത്തകനായ ജയിംസ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്ന തൃശൂർ, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങളിലെല്ലാം പറന്നെത്തും. കവലകളിൽ ഇറങ്ങും. ചിഹ്നം പതിച്ച ബൈക്കു കണ്ട് കൗതുകത്തോടെ അനേകർ അരികിൽ ഓടിയെത്തും.
അവിണിശേരി അരിന്പൂർ വീട്ടിൽ റപ്പായിയുടെ മകൻ ജയിംസിന്റെ ലക്ഷ്യവും ഇതുതന്നെ. നിശബ്ദ പ്രചാരണം. ഇന്നു രാവിലെ തൃശൂർ നഗരത്തിലായിരുന്നു ജയിംസിന്റെ പ്രചാരണം. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രൻ ചിഹ്നം പതിപ്പിച്ച ബൈക്കുമായി കറങ്ങുന്ന ജയിംസുമായി കുശലാന്വേഷണം നടത്തി.