കനിവും കാരുണ്യവും പകരുക
Thursday, March 23, 2023 4:17 PM IST
സ്വയം വിലയിരുത്താനും നവീകരിക്കാനും ചുറ്റുമുള്ള മനുഷ്യർക്ക് കാരുണ്യമാകാനുമാണ് നോമ്പ് വിശ്വാസിയെ പ്രചോദിപ്പിക്കുന്നത്. തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് ബോധമുണ്ടാകാനും സാമൂഹ്യ വിപത്തുകളിൽ വീണുപോകാതെ ജാഗ്രതയുള്ളവരാകാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്.
വിശപ്പിന്‍റെ പ്രയാസവും ദാഹത്തിന്‍റെ കാഠിന്യവും നോമ്പിലൂടെ തൊട്ടറിയുന്നവരോട് മറ്റുള്ളവരിലേക്കുകൂടി ശ്രദ്ധതിരിക്കാനാണ് റംസാന്‍ പറയുന്നത്. അന്നവും വെള്ളവും ജീവിക്കാനുള്ള അവകാശവും ലോകത്തെ ഏത് ജീവജാലങ്ങൾക്കുമുണ്ട്. അതിൽ ജാതി മത ദേശ വ്യത്യാസമില്ല. ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്ക് കരുണ ചെയ്യാനും ദാനത്തിന്‍റെ മഹത്ത്വവുമാണ് വ്രതം നിരന്തരം ഉണർത്തുന്നത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ഈ വർഷത്തെ നോമ്പ് ആസന്നമാകുന്നത്. കുടുംബത്തിന്‍റെ ഉപജീവനത്തിനുവേണ്ടി തൊഴിലെടുക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും വിശ്വാസികൾ ബാധ്യസ്ഥരാണ്.
ആഗ്രഹങ്ങളെയും വികാര വിചാരങ്ങളെയും നിയന്ത്രിച്ച് വ്രതമെടുക്കുമ്പോൾ അത് നമ്മെ സമൂലമായ മാറ്റത്തിന് വിധേയമാക്കും. അതാണ് സഹജീവികളെ കാരുണ്യപൂർവം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നത്. പലവിധ കാരണങ്ങളാൽ പൂർണമായും ഭാഗികമായും പട്ടിണി അഭിമുഖീകരിക്കുന്ന മനുഷ്യരെ മറന്ന് നോമ്പുതുറയും മറ്റും ധൂർത്തിന്‍റെ മേളയാക്കുന്നത് വിശ്വാസിക്ക് ചേർന്നതല്ല.
നമ്മുടെ വിഭവങ്ങൾ പാവപ്പെട്ട മനുഷ്യനുകൂടി പകുത്ത് നൽകുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് വലിയ പുണ്യവും സമ്പാദ്യവും. നോമ്പിന്‍റെ ആത്മവീര്യം ചോർന്ന് പോകാതെ കൂടുതൽ കരുത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജയിക്കാൻ നേരായ വിശ്വാസം നമ്മെ പ്രാപ്തമാകേണ്ടതുണ്ട്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
(ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി)