മനസും ശരീരവും വിമലീകരിക്കാനും മുഴുവൻ മനുഷ്യരോടും കരുണ കാണിക്കാനും പരിശുദ്ധ റംസാനെ ഉപയോഗപ്പെടുത്തണം. തിന്മകളിൽനിന്ന് വിട്ടുനിൽക്കാനും കൂടുതൽ നന്മകളുടെ പുതു വഴികൾ തുറക്കാനുമുള്ള സുവർണവസരമായി റംസാനെ കാണണം.

മനസ് ശുദ്ധീകരിക്കുമ്പോഴാണ് വിജയം നേടാൻ കഴിയുക. വിദ്വേഷവും വെറുപ്പും അഹങ്കാരവും മനസിൽനിന്ന് പറിച്ചെറിയാനുള്ള അവസരമായി വ്രതനാളുകളെ ഉപയോഗപ്പെടുത്തണം.
ബന്ധങ്ങൾ ശാക്തീകരിക്കാനും സൗഹൃദം പുനസ്ഥാപിക്കാനും കുടുംബത്തിന്‍റെയും നാടിന്‍റെയും നന്മയ്ക്കും ഭദ്രതയ്ക്കും വേണ്ടി നിലകൊള്ളാനും വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്.


വിശപ്പും ദാഹവും വ്രതത്തിലൂടെ മനസിലാക്കുന്ന വിശ്വാസി പ്രയാസപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരണം. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരും രോഗികളും ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്നവരെയും കണ്ടെത്തി സഹായിക്കാൻ തയാറാകണം. ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദ കൂട്ടായ്മകൾക്ക് നവജീവൻ നൽകാൻ സാധിക്കണം.

ടി.പി. അബ്ദുല്ല കോയ മദനി
(കെഎൻഎം സംസ്ഥാന പ്രസിഡന്‍റ്)