മിതത്വവും മിതവ്യയവും മുഖമുദ്രയാക്കണം
Sunday, March 26, 2023 1:43 PM IST
മിതത്വവും മിതവ്യയവും മുഖമുദ്രയാക്കേണ്ടവരാണ് മനുഷ്യര്‍. നമ്മുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ ദൈവാനുഗ്രഹമാണ്. മനുഷ്യന്‍ അതില്‍ ഇടപാട് നടത്താനുള്ള പ്രതിനിധിമാത്രമാണ്. ഒരു വിശ്വാസിക്കും തനിക്ക് ലഭിച്ച് സമ്പത്തില്‍ അമിതവ്യയവും ധൂര്‍ത്തും നടത്താന്‍ അവകാശമില്ല.
അമിതവ്യയത്തിൽനിന്ന് പ്രവാചകൻ വിട്ടുനിന്നതും നിരുത്സാഹപ്പെടുത്തിയതുമായ ഒരുപാട് നബി വചനങ്ങൾ കാണാനാകും. പ്രവാചക പത്നി ആയിശ(റ) പറയുന്നു: “മദീനയിൽ വന്നതിനുശേഷം തിരുനബി മരണപ്പെടുന്നതുവരെ തുടർച്ചയായി മൂന്നുദിവസം ഗോതമ്പ് ഭക്ഷണം കൊണ്ടാണ് പ്രവാചക കുടുംബം വിശപ്പടക്കിയത്.
“മക്കാ മരുഭൂമി മുഴുവൻ താങ്കൾക്ക് നാം സ്വർണമാക്കിത്തരട്ടെയോ എന്ന് അള്ളാഹു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു വേണ്ടാ രക്ഷിതാവേ, ഒരു ദിവസം വയറു നിറച്ച് ഭക്ഷിക്കുകയും അടുത്തദിവസം പട്ടിണികിടക്കുകയും ചെയ്യുന്ന രീതി മതിയെനിക്ക്.
ഭക്ഷണം ധൂർത്തടിക്കുമ്പോൾ വിശക്കുന്നവനോട് അനീതിയാണ് കാട്ടുന്നത്. മനുഷ്യന് അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ അവന്‍റെ ആവശ്യത്തിനാണ്. പ്രകൃതിയിലെ എല്ലാ വിഭവങ്ങളും ഭൂമിയിലെ അവസാന മനുഷ്യന്‍ വരെയും നിലനില്‍ക്കണം എന്ന ചിന്ത നമുക്ക് വേണം. ദുര്‍വ്യയം ചെയ്യുന്നവര്‍ ചെകുത്താന്‍റെ ചെങ്ങാതിമാരാണെന്നത് ഖുര്‍ ആനിക തത്വമാണ്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍