വ്രതം ആത്മസംസ്കരണമെന്ന പോലെ ജിഹാദ് കൂടിയാണത്. ആത്മസംസ്കരണം മുതൽ ജീവത്യാഗം വരേ നീളുന്ന പ്രക്രിയയുമാണ് ജിഹാദ്. വൈജ്ഞാനിക വിപ്ലവവും സ്വാതന്ത്ര്യ സമരവും സാമൂഹ്യ പരിവർത്തനവും ക്ഷേമ പ്രവർത്തനങ്ങളും എല്ലാം ജിഹാദാണ്.

സ്വന്തം മനസിലെ ദുർവിചാരങ്ങളോടും ദുർമേധസുകളോടും സ്വയമേവ നടത്തുന്ന പോരാട്ടമാണ് ‘ജിഹാദുൽ അക്ബർ’(ഏറ്റവും വലിയ യുദ്ധം). എല്ലാ ജിഹാദുകളുടേയും അടിസ്ഥാനം ജിഹാദുന്നഫ്സ് (സ്വന്തത്തോടുള്ള സമരം)മാണ്. സ്വന്തത്തിനും സ്വന്തം ദേഹേച്ഛകൾക്കുമെതിയുള്ള ജിഹാദ് ചെയ്യാത്തവർക്ക് അതിനപ്പുറം മറ്റൊരു ജിഹാദിലും ഭാഗവാക്കാവാൻ കഴിയില്ല.

ഇസ്ലാമികമായ ആദർശങ്ങൾക്കനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും സത്യമെന്ന് ഉറപ്പുള്ള ആദർശത്തെ മറ്റുള്ളവർക്ക് ചേർത്ത് നൽകുവാനായി പ്രയത്നിക്കുകയും അതിന്‍റെ മാർഗത്തിൽ ത്യാഗങ്ങൾ ചെയ്യുകയെന്ന ജിഹാദുന്നഫ്സ് ചെയ്യാത്തവർക്ക് പിശാചിനെ ചെറുക്കുവാനും അവിശ്വാസിയോട് പ്രബോധനം നടത്തുവാനും അധർമ്മിയോട് സായുധ പ്രതിരോധം നടത്തുവാനും സാധിക്കില്ല. എല്ലാ ജിഹാദുകളുടേയും അടിത്തറയാണ് ജിഹാദുന്ന ഫ്സ് എന്ന ജിഹാദുൽ അക്ബർ.


മുസ്ലിംകളല്ലാത്ത കുടുംബക്കാരുടെ സംരക്ഷണത്തിൽ ജീവിക്കുകയും തനിക്ക് വേണ്ടി അവർ സഹിക്കുന്ന ത്യാഗ ജീവിതത്തിൽ അവരോടൊപ്പം നിൽക്കുകയും ചെയ്യുമ്പോഴും ഇസ്ലാമിക പ്രബോധനം നിർവഹിക്കുവാൻ അവസരം സൃഷ്ടിക്കുകയാണ് നബി തിരുമേനി(സ) ചെയ്തത്. ആദർശ പ്രബോധനത്തിന്‍റെ വീഥിയിൽ അക്രമങ്ങളും പീഢനങ്ങളും സഹിച്ച് നീങ്ങുന്നതും ജിഹാദിന്‍റെ വഴിയായി ഇസ്ലാം ഗണിക്കുന്നു.

നാസർ ഫൈസി കൂടത്തായി
(ജന.സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ, സംസ്ഥാന കമ്മിറ്റി)