മനുഷ്യരുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന ഒരു നീക്കവും മുസ്ലിംകളിൽ നിന്നും ഉണ്ടാവരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നിർഭയത്വത്തോടെ കഴിയുന്നവരെ ഭയപ്പെടുത്തുന്നത് അക്രമമാണെന്നാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്. തമാശയായിട്ട് പോലും ഒരാളെ ഭയപ്പെടുത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ഭയം ജീവഹാനിക്ക് വരെ കാരണമായേക്കാം. മാനസികനില തെറ്റാനും നിത്യരോഗിയായി മാറാനും ഭയം കാരണമാക്കുന്നുണ്ട്.

കൊച്ചുനാളിൽ അനുഭവിക്കേണ്ടിവന്ന ഭയംകൊണ്ട് ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന എത്രയോ മനുഷ്യർ നമ്മുടെ ചുറ്റുമുണ്ട്. കുട്ടികളെ ഭയപ്പെടുത്തുന്ന വീഡിയോ ഗെയിമുകളെ സംബന്ധിച്ച് വലിയ പഠനങ്ങൾ നടന്നിട്ടുണ്ട്. അത് കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വ്യക്തിത്വ വികാസത്തിനും മുന്നോട്ടുള്ള കുതിപ്പിനും ഭയം തടസമാകും. വിനോദകേന്ദ്രങ്ങളിൽ സാഹസികതയ്ക്ക് വേണ്ടി ഒരുക്കുന്ന പലതും ചിലരുടെയെങ്കിലും ജീവിതത്തിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. നിരപരാധിയായ ഒരു മനുഷ്യനെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മറ്റേതെങ്കിലും രൂപത്തിലോ ഭയപ്പെടുത്തുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്തുന്നത് നിഷിദ്ധമാണ് എന്നാണ് പൂർവികപണ്ഡിതർ പഠിപ്പിച്ചിട്ടുള്ളത്.


ഒരു മുസ്ലിം തന്നോടൊപ്പം ജീവിക്കുന്നവരെ ഭയപ്പെടുത്താൻ പാടില്ല. മതമോ നിറമോ അവിടെ പ്രസക്തമല്ല. സഹജീവികളുടെ സ്വൈര്യജീവിതത്തിന് തടസമാകുന്ന ഒരു നീക്കവും മുസ്ലിംകളിൽ നിന്നും ഉണ്ടാകരുത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി
(കെഎൻഎം സംസ്ഥാന സെക്രട്ടറി)