മികച്ച വ്യക്തിത്വത്തിന്‍റെ അടയാളമാണ് നല്ലപെരുമാറ്റം. സദ്സ്വഭാവത്തോടെ പെരുമാറണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ‘മറ്റുള്ളവർ തന്നോട് എങ്ങനെ പെരുമാറാനാണ് ആഗ്രഹിക്കുന്നത്, അതുപോലെ നീ അവരോടും പെരുമാറുക.' എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. സത്യസന്ധത, ധർമം, നീതി, ക്ഷമ, സഹനം തുടങ്ങിയ ഉത്കൃഷ്ട സ്വഭാവരൂപങ്ങൾ സമ്മേളിക്കുമ്പോഴാണ് ഒരാൾ യഥാർഥ മനുഷ്യനാകുന്നത്.

ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട സർവ സ്വഭാവമഹിമയും സന്നിവേശിച്ച വിശുദ്ധ വ്യക്തിയായിരുന്നു പ്രവാചകൻ. നബി യുടെ വിശുദ്ധ സ്വഭാവത്തെ പ്രകീർത്തിച്ച് അള്ളാഹു പറഞ്ഞ ത്: "അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ'(വി.ഖു:68.4) എന്നാണ്. സദാ പ്രസന്നവദനനായിരുന്നു എന്നതാണ് പ്രവാചകന്‍റെ സവിശേഷത.


ശത്രുക്കളുടെ ആക്ഷേപ സ്വരങ്ങൾക്കെല്ലാം മന്ദഹാസമായിരുന്നു മറുപടി. പ്രവാചക പത്നിയും സത്യവിശ്വാസികളുടെ മാതാവുമായ ആഇശ ബീവി തിരുനബിയെ വിശേഷിപ്പിച്ചത്."അവിടത്തെ സ്വഭാവം ഖുർആനായിരുന്നു.'(മുസ്ലിം) എന്നാണ്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദുഷിച്ച സ്വഭാവങ്ങളിൽ നിന്ന് ഹൃദയത്തെ വിമലീകരിക്കൽ അനിവാര്യമാണ്. അപരനോട് ഒരിക്കലും അപക്വമായി പെരുമാറരുത്. സ്വകുടുംബാംഗ ങ്ങളോട് ഉത്കൃഷ്ടമായ രീതിയിൽത്തന്നെ സഹവർത്തിക്കണം. പ്രവാചകന്‍റെ ജീവിതത്തിൽ ഈ സവിശേഷ സ്വഭാവത്തിന്‍റെ ഒട്ടേറെ ഉദാഹരണങ്ങൾ കാണാനാകും.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി