സൃഷ്ടാവായ അള്ളാഹുവിന്‍റെ ആജ്ഞാനുവർത്തികളായി ജീവിക്കാൻ മനുഷ്യനെ തയാറാക്കുകയും അതുവഴി സ്വർഗലബ്ധിക്ക് കാരണമായിത്തീരുകയും ചെയ്യുന്ന ഇസ്ലാമിലെ പഞ്ചാനുഷ്ഠാന കർമങ്ങളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന മഹത്തായ പുണ്യകർമമാണ് റംസാനിലെ വ്രതാനുഷ്ഠാനം. ശാരീരികവും മാനസികവുമായ നേട്ടം കൈവരിക്കുക എന്നതാണ് അതിന്‍റെ മഹത്തായ ലക്ഷ്യം.

മറ്റു മാസങ്ങളിൽ നിന്നും വ്യത്യസ്തമായി റംസാന്‍റെ ശ്രേഷ്ഠത ഖുർ ആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. “മനുഷ്യർക്കാകമാനം മാർഗദർശകമായും സത്യസത്യങ്ങളെ വിവേചിക്കുന്നതും സന്മാർഗം കാണിച്ചുതരുന്നതുമായ സുവ്യക്ത നിർദേശങ്ങളായും ഖുർആൻ അവതരിച്ച മാസമാകുന്നു റംസാന്‍.

അതിനാൽ ഇനിമുതൽ ആര് ആ മാസം ദർശിക്കുന്നുവോ അവർക്ക് ആ മാസം നോമ്പനുഷ്ഠിക്കൽ നിർബന്ധമാകുന്നു. ” (വി: ഖു), സന്മാർഗം നിൽകി ആദരിച്ചതിന്‍റെ പേരിൽദൈവത്തിന്‍റെ മഹത്വം പ്രകീർത്തിക്കുന്നതിനും കൃതജ്ഞതയുള്ള വരായിത്തീരുന്നതിനും വേണ്ടിയാണ് അല്ലാഹു വ്രതമാകുന്ന രീതി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.


ഏതു പുണ്യകർമങ്ങൾക്കും ധാരാളമിരട്ടി പ്രതിഫലം ലഭിക്കുന്ന സുവർണ ഘട്ടമാണ് റംസാന്‍.
മാത്രമല്ല ഖുർ ആനിന്‍റെ അവതരണ വാർഷികമാഘോഷിക്കുന്ന മാസം കൂടിയാണത്. അതിനാൽ ഖുർആൻ പാരായണം ചെയ്യൽ മറ്റു മാസങ്ങളെ അപേക്ഷിച്ച് പ്രത്യേക പരിഗണനയും പ്രാധാന്യമർഹിക്കുന്നു.

കെ. അബ്ദുൽ അസീസ്
(സമസ്ത പ്രവാസി സെല്‍ കോഴിക്കോട് സിറ്റി ജനറല്‍ സെക്രട്ടറി)