റംസാനില്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രതിഫലാർഹമാണ് നോമ്പുതുറപ്പിക്കുന്നതും. അതിലൂടെ കൂടുതൽ പ്രതിഫലത്തിന് അർഹനാവുകയാണ് ഓരോ വിശ്വാസിയും.

നോമ്പിന്‍റെ സുന്നത്തുകളിൽപെട്ട കർമമാണ് നോമ്പ് തുറപ്പിക്കുക എന്നത്. പ്രവാചകൻ(സ) പറഞ്ഞു: റംസാനിൽ നോമ്പുകാരനായ ഒരാളെ നോമ്പ് തുറപ്പിക്കുന്നതിലൂടെ പാപമോചനവും നരകമോചനവും സാധ്യമാകും. മാത്രവുമല്ല, നോമ്പ് തുറന്നവന് ലഭിക്കുന്ന അതേ പ്രതിഫലവും നൽകപ്പെടുന്നതാണ്.

ഇതു കേട്ടപ്പോൾ സ്വഹാബികളിലെ ഒരു വിഭാഗം അസ്വസ്ഥരായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്വഹാബികൾ പ്രവാചകരോട് ചോദിച്ചു, ‘മറ്റൊരാളെ നോമ്പ് തുറപ്പിക്കാൻ ആവശ്യമായത് കൈയിലില്ലാത്തവർക്ക് അതു ലഭിക്കില്ലേ പ്രവാചകരേ?'പ്രവാചകൻ(സ) പറഞ്ഞു ‘അൽപം വെള്ളമോ പാലോ ഒരു ഈത്തപ്പഴമോ നോമ്പുകാരന് നൽകി നോമ്പ് തുറപ്പിക്കുന്നവർക്കുള്ള പ്രതിഫലമാണിത്'.


നോമ്പു തുറപ്പിക്കുന്നിടത്ത് ധാരാളം നൽകണമെന്നില്ല, പകരം സാമ്പത്തിക സ്ഥിതിയും മറ്റും പരിഗണിച്ച് ചെറിയ രീതിയിൽ ചെയ്യുമ്പോഴും അല്ലാഹു പരിഗണിക്കുന്നത് അവരുടെ ആത്മാർഥത മാത്രമാണ്, അല്ലാതെ അതിന്‍റെ തോതോ അളവോ നോക്കിയല്ല എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.

ഒരാളെ നോമ്പുതുറപ്പിക്കുമ്പോൾ അയാളുടെ പ്രതിഫലം ലഭിക്കുമെങ്കിൽ ഒരുപാട് പേർക്കുള്ള നോമ്പ് തുറയ്ക്കുള്ള സൗകര്യമൊരുക്കുകയോ അതിനുള്ള ഭക്ഷണം കൊടുക്കുകയോ ചെയ്യുമ്പോൾ അതിൽ പങ്കുകൊള്ളുന്ന അത്രയും ആളുകളുടെ നോമ്പിന്‍റെ പ്രതിഫലമാണ് ലഭ്യമാകുന്നത്. നോമ്പുതുറ സദ്യ എന്ന പേരിൽ കുന്നോളം ഭക്ഷണമുണ്ടാക്കി കുഴിച്ചുമൂടുന്ന അവസ്ഥ സങ്കടകരമാണ്. മിതത്വവും കരുതലും റംസാനിലെ സന്ദേശമാകണം.

സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി