ആരാധനയുടെ അനുഗ്രഹീതമാസമാണ് റംസാൻ. റംസാൻ എന്നാൽ ഖുർ ആൻ മാസമാകുന്നു. മാനവ സമൂഹത്തിന് മാർഗദർശനം നൽകുന്നതിനും സത്യത്തെയും അസത്യത്തെയും വേർതിരിച്ചു കാണിക്കുന്നതുമാണ് ഖുർ ആൻ.

മനുഷ്യഹൃദയത്തെ അശുദ്ധമാക്കുന്നവയാണ് അസൂയ, കുശുമ്പ്, പക, വെറുപ്പ്, കാപട്യം, അഹങ്കാരം, പൊങ്ങച്ചം, സ്വാർഥത, ചതി, വഞ്ചന തുടങ്ങിയവ. ഇതിൽനിന്നെല്ലാം മോചനം നേടുന്നതിനും ശരീരത്തെയും ഹൃദയത്തെയും ഒരുപോലെ ശുദ്ധിയാക്കുന്നതിനും വേണ്ടിയുള്ള മാർഗമായാണ് വ്രതാനുഷ്ഠാനം എന്നതുകൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്.

മേൽപ്പറഞ്ഞ ന്യൂനതകളൊന്നും വ്രതാനുഷ്ഠാനത്തിലിരിക്കുന്ന വ്യക്തിയെ ബാധിക്കാൻ പാടില്ല. ഇതിലേതെങ്കിലും ബാധിച്ചാൽ ആ വ്യക്തിക്ക് താൻ നിർവഹിക്കുന്ന വ്രതാനുഷ്ഠാനത്തിൽ പൂർണത കൈവരാനോ ഫലം ലഭ്യമാക്കാനോ കഴിയില്ല. വളരെ സൂക്ഷ്മതയോടും ചിട്ടയോടും നിർവഹിക്കേണ്ട ഒന്നാണ് വ്രതാനുഷ്ഠാനം. മറിച്ച് വിശപ്പും ദാഹവും സഹിക്കുന്നതിലൂടെമാത്രം പൂർത്തീകരിക്കേണ്ട ഒന്നല്ല വ്രതാനുഷ്ഠാനം.


ഓരോ നോമ്പുകാരനും അനുഷ്ഠാനം പൂർത്തീകരിക്കേണ്ടത് നിഷ്കളങ്കമായ വിശ്വാസം, കാപട്യമില്ലാത്ത കർമം, ധ്യാനം, പ്രാർഥന, ദാനധർമം, അനുകമ്പ, ദയ, ഉദാരമനസ്കത എന്നിവയിലൂടെയാണ്. വ്രതശുദ്ധിയാൽ മാനസിക സന്തോഷവും സമാധാനവും കൈവരിക്കാൻ ഓരോ വിശ്വാസിക്കും സാധ്യമാകട്ടെ.

എം.എം.ബദറുദ്ദീന്‍ മൗലവി
(കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പണ്ഡിതസഭാ ചെയർമാൻ)