ദാനധർമങ്ങൾക്ക് കൂടുതൽ പ്രാധാന്യം
Thursday, April 6, 2023 1:15 PM IST
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് നമുക്ക് അല്ലാഹു സംവിധാനിച്ച അനുഗ്രഹങ്ങളെ കൂടുതൽ ബോധ്യപ്പെടുക. കയറിക്കിടക്കാൻ ഒരു കൂരയോ, വിശപ്പകറ്റാൻ ഭക്ഷണമോ, കുടിക്കാൻ വെള്ളമോ, വിദ്യാഭ്യാസത്തിന് ഒരു സ്കൂളോ ഇല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങൾ. കൂട്ടത്തിൽ, ഇസ്ലാമിന്‍റെ പ്രാഥമിക അധ്യാപനങ്ങൾ പോലും അറിയാത്ത ലക്ഷക്കണക്കിന് മുസ്ലിം പേരുകളുള്ള സഹോദരീ സഹോദരന്മാർ.
ഇവർക്കൊക്കെ അവരുടെ ആവശ്യങ്ങൾ ആരാണ് പൂർത്തീകരിച്ചു നൽകുക? നമുക്ക് വല്ല ഉത്തരവാദിത്തവുമുണ്ടോ? ഉണ്ട്. വിശ്വാസികൾ പരസ്പരം ഒരു ശരീരം പോലെയാണ് എന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്.
ഭക്ഷണം കഴിക്കുന്നത് വായയാണെങ്കിലും അതിന്‍റെ ഊർജം ശരീരത്തിന് മുഴുവൻ ലഭിക്കുന്നു. കാലിലെ ഒരു മുറിവ് നീറിയാൽ ശരീരം മുഴുവൻ ഉറക്കൊഴിക്കുന്നു. വിശ്വാസികൾ പരസ്പരം ഇങ്ങനെയാകണം. അവരുടെ ഇല്ലായ്മകൾ നമ്മളെല്ലാം കൂടെയാണ് പരിഹരിക്കേണ്ടത്.
മനുഷ്യന്‍റെ ആരാധനകൾ വിവിധ രൂപത്തിലുണ്ട്. ആരാധി ക്കുന്ന വ്യക്തിയും അല്ലാഹുവുമായും മാത്രം ബന്ധിക്കുന്നതാണ് അതിലൊന്ന്. നിസാരം, ഹജ്ജ് എന്നിവയൊക്കെ ഇതിൽപ്പെടും. മറ്റൊന്ന് വ്യക്തിയെയും തന്‍റെ സഹമനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ദാനധർമങ്ങൾ ഇതിനുദാഹരണമാണ്.
സി. മുഹമ്മദ് ഫൈസി
(സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ)