ദൈവത്തിന് സമ്പൂർണമായി വഴിപ്പെടണം
Thursday, April 13, 2023 10:36 AM IST
ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. മനുഷ്യന്‍റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര്‍ശനങ്ങള്‍ക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല.
‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയപോലെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍വേണ്ടി’( ഖുര്‍ആന്‍ 2:183).
പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും സ്ത്രീപുരുഷ സംസര്‍ഗത്തില്‍നിന്ന് വിട്ടുനില്‍ക്കലുമാണ് വ്രതാനുഷ്ഠാനത്തിന്‍റെ ബാഹ്യമുഖം.
തന്‍റെ മാനസികവും ശാരീരികവുമായ ഇച്ഛകളെക്കാള്‍ തന്നെ സൃഷ്ടിച്ച ദൈവത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വഴിപ്പെടാന്‍ സന്നദ്ധമാകുക എന്നതാണ് വ്രതാനുഷ്ഠാനത്തിന്‍റെ ആന്തരികാര്‍ഥം. ദൈവത്തിന് സമ്പൂർണമായും വഴിപ്പെടണമെന്നാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ കാതല്‍.
വ്രതാനുഷ്ഠാനംകൊണ്ട് അര്‍ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കല്‍ മാത്രമല്ല, കാഴ്ചയും കേള്‍വിയും സംസാരവും ചിന്തയും വികാരങ്ങളും വിചാരങ്ങളും എല്ലാം ദൈവഹിതത്തിനനുസരിച്ചായിരിക്കുക എന്നതാണ്.
കള്ളവചനവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കാതെയുള്ള നോമ്പനുഷ്ഠാനത്തെ നിരര്‍ഥകമായ പട്ടിണിയോടാണ് പ്രവാചകന്‍ ഉപമിച്ചത്. മഹത്ത്വമുള്ളതും അനുഗൃഹീതവുമായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു എന്നാണ് പ്രവാചകന്‍ നോമ്പിനെ വിശേഷിപ്പിച്ചത്.
ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മത, ജാതി, കക്ഷി, ദേശാതിര്‍ത്തി ഭേദങ്ങളില്ലാത്തപോലെ അവരോടുള്ള അനുഭാവത്തിനും അതിരുകളുണ്ടാവരുത്.
എം.ഐ. അബ്ദുൽ അസീസ്
(ജമാഅത്തെ ഇസ്ലാമി കേരള അമീർ)