ആഗ്രഹങ്ങളിൽനിന്നും ഇച്ഛകളിൽ നിന്നും വികാരവിചാരങ്ങളിൽനിന്നും സ്വന്തത്തെ തടഞ്ഞുനിർത്തുക, പതിവു ചിട്ടകളിൽ നിന്നും ആസ്വാദനങ്ങളിൽനിന്നും മനസിനെയും ദേഹത്തെയും സ്വതന്ത്രമാക്കുക, അഗതികളായ സഹജീവികളുടെ അവസ്ഥകള്‍ ഓര്‍മിക്കും വിധം വിശപ്പിന്‍റെയും ദാഹത്തിന്‍റെയും മൂർച്ചയും കാഠിന്യവും മനസിലാക്കുക തുടങ്ങിയവയാണ് നോമ്പ് ലക്ഷ്യമാക്കുന്നതെന്നാണ് പ്രവാചകൻ (സ) യുടെ അധ്യാപനം.

സൗഭാഗ്യങ്ങളുടെയും അനുഗ്രഹ ങ്ങളുടെയും ഉന്നതി എത്തി പിടിക്കാനും ശ്വാശ്വത ജീവിതത്തെ സ്ഫുടം ചെയ്തെടുക്കാനുമുള്ള വൈകാരികവും മാനസികവുമായ ശക്തി ആർജിക്കാൻ നോമ്പിലൂടെ കഴിയും. അന്നപാനീയങ്ങൾ കുറക്കുന്നതിലൂടെ മനുഷ്യരിൽ പിശാചിന് സ്വാധീക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കും. അവയവങ്ങളെ നിയന്ത്രിക്കുന്നതിലൂടെ തെറ്റുകളിലേക്ക് ചായാനുള്ള അവയുടെ പ്രകൃതിയെ നിയന്ത്രിക്കാനാകുന്നു.


വികാരങ്ങളും ഭക്ഷണ പാനിയങ്ങളും ഉപേക്ഷിക്കുന്നത് അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചാണ്. റബ്ബിന്‍റെ സ്നേഹത്തിനു മുൻഗണന നൽകി സ്വന്തത്തിനും മനസിനും ഇഷ്ടപ്പെട്ട കാര്യങ്ങളെയും അവയുടെ ആനന്ദങ്ങളെയും ഉപേക്ഷിക്കലാണ് നോമ്പ്. നോമ്പിനെ മുറിക്കുന്ന ബാഹ്യമായ കാര്യങ്ങള്‍ ചിലപ്പോള്‍ ആളുകള്‍ക്ക് കാണാന്‍ കഴിയും.

എന്നാല്‍ ഭക്ഷണപാനീയങ്ങളും വികാരങ്ങളും അവയോടുള്ള മനസിന്‍റെയും ആത്മാവിന്‍റെയും ഇഷ്ടങ്ങളെ റബ്ബിന്‍റെ തൃപ്തി മാത്രം ലക്ഷ്യംവച്ച് ഒഴിവാക്കുന്നത് മറ്റൊരാള്‍ക്കും കാണാനാവില്ല. ഇതാന് നോമ്പിന്‍റെ പ്രത്യേകത.

പി. ഹസൈനാർ ഫൈസി
(എസ്കെഎസ്ബിവി സംസ്ഥാന ചെയർമാൻ)