റംസാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. നരകമോചനത്തിനായി മാറ്റിവയ്ക്കപ്പെട്ട ദിവസങ്ങളാണിത്. അടിമകൾ കരഞ്ഞുകേഴുന്ന ദിനരാത്രങ്ങൾ. റംസാനിൽ ഏറ്റവും വിലകൂടിയത് അവസാനത്തെ പത്തുദിനങ്ങൾ തന്നെയാണ്.

അവസാനത്തെ പത്തിലെ ഏറ്റവും വിലകൂടിയ പവിഴം ലൈലത്തുൽ ഖദ്റാണ്. അനസ് ബിൻ മാലിക് (റ) പറയുന്നു: റംസാൻ ആഗതമായപ്പോൾ നബിതിരുമേനി (സ) പറഞ്ഞു: ‘ഈ മാസം നിങ്ങൾക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാൾ പുണ്യകരമായ ഒരു രാവുണ്ട് അതിൽ. അതു തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.

ദുൽഹജ്ജിലെ പത്തുദിനങ്ങൾ, അറഫാ ദിനം, പരിശുദ്ധ മാസമായ മുഹറം, ആശൂറാ ദിനങ്ങൾ തുടങ്ങിയ ദിനങ്ങൾക്കുള്ളത് പോലെയുള്ള ശോഭയാണ് റംസാനിലെ അവസാന പത്ത് ദിനങ്ങൾക്കുള്ളത്. എത്രയെത്ര ആളുകൾ ആ പത്തുദിനങ്ങളെ നിസംഗതയോടെ അവഗണിച്ചുകളയുന്നു. അതിനെ പാഴാക്കിയതിന്‍റെ പേരിൽ ആരും തന്നെ ആത്മവിചാരണ നടത്താറുമില്ല. അള്ളാഹു വിശ്വാസികൾക്കായി ഒരുക്കിയ അവസരമാണ് അവ.


അള്ളാഹുവിങ്കൽ മഹത്തായ പദവി നേടിയെടുക്കാൻ അവയിലൂടെ വിശ്വാസിക്ക് സാധിക്കും. സർവപാപങ്ങളും പൊറുക്കപ്പെട്ട പ്രവാചകൻ(സ) പോലും ഈ ദിനങ്ങളിൽ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. അവസാനത്തെ പത്തെത്തുമ്പോൾ നബി (സ) മറ്റു കാലങ്ങളെ അപേക്ഷിച്ച് ഇബാദത്തുകളിൽ മുഴുകിയിരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി
(എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്‍റ്)