തിന്മയ്ക്കെതിരെയുള്ള ശക്തമായ പരിചയാണ് വ്രതം. മനസ് മാലിന്യമുക്തമാക്കണം. മാറ്റേണ്ടതും പാകപ്പെടുത്തേണ്ടതും മനസിനെയാണ്. അതിനുവേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനം. എല്ലാ മതവിഭാഗങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. ഏകാദശിയും ഈസ്റ്ററും റംസാനുമമെല്ലാം ഇതില്‍ പെട്ടതാണ്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരുമാസക്കാലം വിലപ്പെട്ട ദിനങ്ങളാണ്. നിങ്ങള്‍ സൂക്ഷ്മതപാലിച്ച് ജീവിക്കുക എന്നതാണ് റംസാന്‍ സന്ദേശം. തിന്‍മകളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള പ്രചോദനമാണ് ആ സൂക്ഷ്മത. റംസാന്‍ ചന്ദ്രിക പിറക്കുന്നേതാടെ പുണ്യ ദിനങ്ങള്‍ വരവായി. നോമ്പ് എന്നത് ദൈവഹിതമാണ്. ഖുര്‍ ആന്‍ പാരായണം ചെയ്യുക, ദീര്‍ഘമായ പ്രാര്‍ഥന നടത്തുക, സമസൃഷ്ടികളോട് അനുകമ്പയോടെ പെരുമാറുക.

ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റംസാനിലൂടെ കൈവരുന്നത്. ഇസ്ലാം പരിചയപ്പെടുത്തിയ നന്മകള്‍ അധികരിപ്പിക്കുവാനും വിലക്കിയ തിന്മകളില്‍നിന്നും വഴിമാറി നടക്കുവാനും ഒരു മാസത്തെ സജീവമാക്കുക. തങ്ങളുടെ സന്തോഷത്തില്‍ മറ്റുള്ളവരെ കൂടി പങ്കാളികളാക്കുക എന്നത് കൊണ്ടാണ് നോമ്പുതുറയില്‍ സുഹൃത്തുക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്നത്. ദാന ധര്‍മങ്ങള്‍ക്ക് വലിയ പ്രധാന്യമാണ്.


എല്ലാവരുമാനങ്ങള്‍ക്കും കണക്കുകൂട്ടിനല്‍കുന്ന സക്കാത്തും ഇതിന്‍റെ ഭാഗമാണ്. ഭൗതിക മോഹമില്ലാതെ പാവങ്ങളെ സഹായിക്കാനുള്ള സക്കാത്ത് പാവപ്പെട്ടവന്‍റെ അവകാശം കൂടിയാണ്. പണക്കാരുടെ വീടുകള്‍ക്ക് മുന്നില്‍ പാവപ്പെട്ടവര്‍ സക്കാത്തിനായി ക്യു നില്‍ക്കുന്നത് ഇസ്ലാമികമല്ല. അത് റംസാന്‍റെ ചൈതന്യത്തിന് കളങ്കമേല്‍പ്പിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് സക്കാത്ത് നല്‍കുക എന്നതാണ് പുലര്‍ത്തി പോരേണ്ടത്.

ഡോ. ഹുസൈന്‍ മടവൂര്‍
(ചീഫ് ഇമാം, പാളയം ജുമാ മസ്ജിദ്, കോഴിക്കോട്)