നോമ്പ് വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവും
Wednesday, April 19, 2023 9:49 AM IST
സൂക്ഷ്മ ജീവിതം സാധിപ്പിച്ചെടുക്കാൻ മാനസിക സംസ്കരണവും വിമലീകരണവും ഉറപ്പാക്കുകയാണ് വ്രതത്തിന്‍റെ പരമ ലക്ഷ്യം.സത്യവിശ്വാസികൾക്ക് നോമ്പ് ബാധ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്നവിശുദ്ധ ഖുർആൻ രണ്ടാം അധ്യായത്തിലെ വചനം തന്നെയാണ് അതിന്‍റെ തെളിവ്.
എന്നാൽ, ഈ വിമലീകരണം യാഥാർഥ്യമാക്കാൻ ഈ വ്രതനുഷ്ഠാനത്തെ വിവിധ തലങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇതിലെ ഏറെ കൗതുകകരമായ കാര്യം. കാരണം, നോമ്പനുഷ്ഠാനമെന്നത് തികച്ചും വ്യക്തിയധിഷ്ഠിതവും പരമസ്വകാര്യവുമാണ്.
‘നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിന് പ്രതിഫലം നൽകുക ' എന്ന അള്ളാഹുവിന്‍റെ വചനത്തിന്‍റെ പൊരുൾ നിവർത്തി നടക്കുന്ന വി ശകലനങ്ങളിലെല്ലാം വ്രതാനുഷ്ഠാനത്തിലെ ഈ പരമ സ്വകാര്യതയും ചർച്ചയ്ക്ക് വിധേയമാകാറുള്ളതാണല്ലോ?
മാത്രമല്ല, നിസ്കാരം, സക്കാത്ത്, ഹജ്ജ് തുടങ്ങിയ കർമങ്ങളിൽ നിന്നെല്ലാം നോമ്പ് വ്യതിരിക്തമാകുന്നതിലെയും സുപ്രധാന തലം ഈ സ്വകാര്യതയാണ്. അതോടൊപ്പം സ്വ കാര്യബോധവും പൊതുബോധവും ഒരർഥത്തിലും പ്രത്യക്ഷത്തിലും വിരുദ്ധാശയങ്ങളുമാണ്. എന്നിരിക്കെ വിശുദ്ധ റംസാനെവ്രതാനുഷ്ഠാനത്തെ സാമൂഹിക - പൊതുബോധവുമായി ബന്ധിപ്പിക്കുന്നതിലെ രസതന്ത്രം ഏറെ ശ്രദ്ധാർഹമാണ്.
നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക എന്ന സുകൃതം സമ്മാനിക്കുന്ന നേട്ടങ്ങളിലൊന്ന് ഇത്തരം സാമൂഹിക ബോധമാണ്.
ഹംസ റഹ്മാനി കൊണ്ടിപറമ്പ്
(സന്തുഷ്ട കുടുംബ മാസിക എഡിറ്റർ)