തിന്മകളോട് അകലമുണ്ടാകുന്ന കാലമാണ് റംസാന്‍. തിന്മകളോട്, അതിനു പ്രേരിപ്പിക്കുന്ന പിശാചിനോട്, പ്രതിരോധം തീർത്തുനിന്ന് നന്മയുടെ സഞ്ചാരം നടത്താനുള്ള പരിശീലനമാണ് ഈ നാളുകൾ.

ആരാധനകളുടെ ഉള്ളറകളിലേക്ക് വിശ്വാസി ആഴ്ന്നിറങ്ങുന്ന കാലമാണിത്. ഇതര കാലങ്ങളേക്കാൾ റംസാന്‍ അനേകം ഇരട്ടി പ്രതിഫലങ്ങളുടെ കാലയളവാണ്. ഓരോ നിമിഷവും പ്രാധാന്യവും അതിപ്രാധാന്യവുമുള്ള അവസാന പത്തിലെ നിമിഷങ്ങളിലാണിപ്പോൾ നാം നില കൊള്ളുന്നത്. തഖ്വ ആണ് ആ പടച്ചട്ട.

നോമ്പുകൊണ്ടുള്ള ലക്ഷ്യം തഖ്വയാണെന്ന് ഖുര്‍ ആന്‍ ഉത്ബോധിപ്പിച്ചിട്ടുണ്ട്. തിന്മകളോട് അകലം പാലിക്കാനുള്ള മനസാണ് ഈ കാലയളവിന്‍റെ പ്രത്യേകത. ഖുർ ആന്‍ പാരായണം വര്‍ധിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. മനസിന് അത് കുളിര്‍മ നല്‍കുന്നു.


മനസുകള്‍ പരിവര്‍ത്തിക്കപ്പെടുന്ന വിശുദ്ധ വചനങ്ങളാണ് അമീറുല്‍ മു അമിനീന്‍ ഉമറൂല്‍ ഫാറൂഖ്(റ)വിന്‍റെ ആത്മീയ പരിവര്‍ത്തനത്തിലേക്ക് നയിച്ചത്. റിലീഫ് പ്രവര്‍ത്തനങ്ങളുടെ സജീവമായ സന്ദര്‍ഭങ്ങള്‍ കൂടിയാണ് റംസാന്‍. എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതാണ് പ്രത്യേകത.

തന്‍റെ മുസ്ലിം സുഹൃത്തിന്‍റെ ഒരു വിഷമം ഒരാൾ നീക്കി കൊടുത്താൽ അതു മൂലം അന്ത്യനാളിലെ വലിയ വിഷമം അവനിൽ നിന്ന് അള്ളാഹുനീക്കും' എന്ന് രുനബി (സ്വ) പഠിപ്പിച്ചു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
(സമസ്ത കേരള മദ്റസ മാനേജ്മെന്‍റ് അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ്)