കുഞ്ഞാടിന്റെ രുധിരം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
Wednesday, March 19, 2025 10:42 AM IST
"ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' (യോഹ 1:29). തന്റെ അടുത്തേക്കുവരുന്ന ക്രിസ്തുവിനെ യോഹന്നാൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ലോകരക്ഷകനായ ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവിനെ തിരിച്ചറിയാനും പരിചയപ്പെടാനും പങ്കുവയ്ക്കാനുമുള്ള ദിനങ്ങളാണ് നോന്പിന്റേത്. മോചനം, ബലിയർപ്പണം, പ്രതീക്ഷ, മഹത്വീകരണം, നൈർമല്യം എന്നിവയ്ക്കെല്ലാമുള്ള മറുപദമാണ് കുഞ്ഞാട്.
ജനങ്ങളുടെ പാപപ്പരിഹാരാർഥം പഴയനിയമത്തിൽ ബലിയർപ്പിക്കപ്പെട്ടിരുന്ന കുഞ്ഞാടുകളുടെ (പുറപ്പാട് 29:38-42) രുധിരമാണ് കാൽവരിയിൽ ബലിയർപ്പിക്കപ്പെട്ട കുഞ്ഞാട്. "കൊലയ്ക്കു മാറ്റിവയ്ക്കപ്പെട്ട കുഞ്ഞാട്' എന്നാണ് പ്രവാചകൻമാർ അവിടത്തെ വിശേഷിപ്പിച്ചത്. പഴയനിയമത്തിൽ ഇസ്രായേൽ ജനതയുടെ വീട്ടുപടിക്കൽ വീണ കുഞ്ഞാടിന്റെ രക്തം ഇന്നു ബലിപീഠത്തിൽനിന്നു ഹൃദയത്തിൽ ഏറ്റുവാങ്ങുന്നവരാണ് നമ്മൾ. കൊല്ലപ്പെട്ടിട്ടും നിൽക്കുന്ന കുഞ്ഞാടായി വെളിപാടു പുസ്തകത്തിൽ മഹത്വത്തിന്റെയും വിജയത്തിന്റെയും ശാശ്വത ജീവന്റെയും പ്രതീകമായി അവൻ മാറിയിരിക്കുന്നു.
പാപത്തിന്റെ കടുകട്ടിയും കൂരിരുളും നീക്കി നൈർമല്യവും നിഷ്കളങ്കതയും ജീവനും വർഷിക്കപ്പെടുന്ന അവസരമാണ് നോന്പുകാലം. കുഞ്ഞാടിന്റെ അർപ്പണത്തോട് ഏകീഭവിക്കാനാണ് നോന്പിന്റെ ക്ഷണം. കുഞ്ഞാട് ദൈവരഹസ്യങ്ങളുടെ കലവറയാണ്. അതു ബലഹീനതയുടെ പര്യായമല്ല; ബലിയർപ്പണത്തിനു വേണ്ടുന്ന യോഗ്യതയാണ്. ബലിയർപ്പണത്തിനുള്ള എന്റെ യോഗ്യതകൾ നോന്പുകാലം എന്നെ ഓർമപ്പെടുത്തുന്നു.
അരങ്ങത്ത് ആര്?
നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതിരൂപമാണ് കുഞ്ഞാട്. എന്റെ സ്നേഹം നിഷ്കളങ്കമോ? അപരനോവുകൾ ഏറ്റെടുക്കുന്നതിന്റെ പ്രതീകമാണ് കുഞ്ഞാട്. അപരോന്മുഖമോ എന്റെ ജീവിതം? സ്വർഗത്തെയും ഭൂമിയെയും അനുരജ്ഞിപ്പിക്കുന്ന പ്രതീകമാണ് കുഞ്ഞാട്.
ഭൂമിയിൽനിന്ന് എന്റെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയർത്താൻ എനിക്കിനിയും ആവുന്നുണ്ടോ? കൊല്ലപ്പെട്ടിട്ടും നിൽക്കുന്ന കുഞ്ഞാട് ഒരേസമയം ക്രൂശിതനെയും ഉത്ഥിതനെയും പ്രതിനിധീകരിക്കുന്നു. എന്റെ സഹനങ്ങളുടെയും കുരിശനുഭവങ്ങളുടെയും മറവിൽ ഉത്ഥാനത്തിന്റെ പ്രത്യാശയുണ്ടെന്നു വിശ്വസിക്കാൻ മാത്രം ഞാൻ ആഴപ്പെട്ടവനോ?
മൗനം ഭജിക്കുന്ന കുഞ്ഞാട് കൊലക്കളത്തിലേക്കു നയിക്കപ്പെടുന്പോഴും ധീരതയോടെ ചുവടുവയ്ക്കുന്നത് എന്നിലെ ഇളകുന്ന വിശ്വാസത്തിന് ഇരുത്തം നൽകാൻ ക്ഷണിക്കുന്നുണ്ട്. യോഹന്നാനെപ്പോലെ കുഞ്ഞാടായ ക്രിസ്തുവിനെ അരങ്ങത്തു പ്രതിഷ്ഠിച്ച് അണിയറയിലേക്കു പിൻവാങ്ങാൻ നോന്പുകാലം എന്നെ ക്ഷണിക്കുന്നു. കുഞ്ഞാടിന്റെ വിരുന്നിലേക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ!