നല്ല കള്ളൻ!
ജോസഫ് അന്നംകുട്ടി ജോസ്
Tuesday, March 25, 2025 3:46 PM IST
നിങ്ങളുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച ഒരാളെ "അയാൾ ഒരു നല്ല മനുഷ്യനാണ്' എന്ന് വിശേഷിപ്പിച്ചാൽ അതു സ്നേഹപൂർവം സ്വീകരിക്കാൻ നിങ്ങൾക്കു സാധിക്കുമോ? "നല്ല കള്ളൻ’ എന്നൊരു പ്രയോഗം ഇംഗ്ലീഷ് ഭാഷയിൽ Oxymoron എന്നാണ് അറിയപ്പെടുന്നത്. പരസ്പരം ചേരാത്തതിനെ ചേർത്തു പറയുക എന്ന രീതിയാണത്. Sad smile, Bitter sweet, Virtual reality ഇതെല്ലാം ഉദാഹരണങ്ങളാണ്. ഒന്ന് ആലോചിച്ചു നോക്കൂ, കള്ളൻ എങ്ങനെയാണ് ഒരേ സമയം നല്ലവനും ആകുന്നത്.
"മകനെ, ഈ വൈകിയ വേളയിൽ നിനക്കു വേണ്ടി സ്വർഗരാജ്യം അനുവദിക്കാൻ എനിക്കു സാധിക്കുകയില്ല' എന്നാണ് ക്രിസ്തു പറഞ്ഞതെങ്കിൽ, അവന് നല്ല കള്ളൻ എന്ന പേര് ലഭിക്കുമോ? ഇവിടെ നമ്മൾ ധ്യാനവിഷയമാകേണ്ടത് രണ്ടു കാര്യങ്ങളാണ്. ആത്മാർഥമായി തെറ്റ് ഏറ്റുപറയാൻ ആ കള്ളൻ കാണിച്ച ധൈര്യവും അവന്റെ ആത്മാർത്ഥതയെ ഒരു ചോദ്യം കൊണ്ടുപോലും വേദനിപ്പിക്കാതെ പൂർണമായും മാപ്പ് നൽകിയ ക്രിസ്തുവിന്റെ മനസും.
മാപ്പ് പറച്ചിൽ
Your sorry should be louder than your mistake.. ചെയ്ത തെറ്റിനേക്കാൾ ആഴമുള്ള മാപ്പായിരിക്കണം
ഒരാൾ പറയേണ്ടത്. നല്ല കള്ളന്റെ മാപ്പു പറച്ചിൽ, ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നായിരുന്നു.
"എടീ പറ്റിപ്പോയി, അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്, നീ അത് ഏറ്റുപിടിച്ചു ബഹളം ഉണ്ടാക്കല്ലേ' ഇത് ഒരു ഓപ്ഷനാണ്. "എടീ, ഞാൻ ചെയ്തത് വലിയ തെറ്റാണ്, നിനക്കു നല്ലപോലെ സങ്കടമായി എന്നെനിക്കറിയാം. ഞാൻ ഉള്ളിൽത്തട്ടി നിന്നോടു മാപ്പ് ചോദിക്കുന്നു, ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല' രണ്ടാമത്തെ മാപ്പു പറച്ചിലിൽ ആഴമുണ്ട്, ആരോടാണോ ഏറ്റുപറയുന്നത് അവരുടെ ഉള്ളിൽ ക്രിസ്തുവിനെ കണക്ക് ഒരു ഹൃദയം രൂപപ്പെടാൻ സാധ്യതയുണ്ട്.
Forgiveness is the mark of a godly soul നിങ്ങളോട് ഉള്ളിൽ തട്ടി മാപ്പിരക്കുന്ന ഒരാളോട് "സാരമില്ല, പോട്ടെ' എന്നു പറയാൻ സാധിക്കുമോ? മാപ്പ് ചോദിക്കാൻ മനസുള്ളവന്റെ മുൻപിൽ മാപ്പ് കൊടുക്കാൻ വലിപ്പമുളളവൻ ഉണ്ടായാലേ അവിടെ "നല്ലത്' സംഭവിക്കുകയുള്ളൂ.
ഈ നോമ്പ് കാലത്തിൽ നമ്മളോടു മാപ്പിരക്കുന്നവരോടു പൊറുത്തുകൊണ്ട് അവരെ നമുക്ക് "നല്ല' മനുഷ്യരാക്കാം. നമ്മുടെ പ്രവൃത്തികളാൽ വേദനിച്ചവരോട് ആത്മാർഥമായി മാപ്പ് ചോദിച്ചുകൊണ്ട് അവരിൽ നമുക്കൊരു ക്രിസ്തുവിനെ സൃഷ്ടിക്കാം.