കാക്കിക്കുള്ളിലെ ചൊറിയണങ്ങള്‍
Friday, September 12, 2025 3:55 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!